വന്ദേഭാരത് ട്രെയിൻ കേരളത്തിൽ പ്രായോഗികമല്ലെന്ന് ഡൽഹി മെട്രോ റെയിൽ കോർപറേഷൻ മുൻ എം.ഡിയും ബി.ജെ.പി നേതാവുമായ ഇ. ശ്രീധരൻ. നിലവിലെ ട്രാക്ക് വെച്ച് ശരാശരി 90 കിലോമീറ്റർ വേഗതയേ ലഭിക്കൂ. 160 കിലോമീറ്റർ വേഗതയിൽ പോകാൻ ശേഷിയുള്ള വന്ദേഭാരത് ട്രെയിൻ കൊണ്ടുവന്ന് 90 കിലോമീറ്റർ വേഗത്തിൽ ഓടിക്കുന്നത് വിഡ്ഢിത്തമാണ്. നാം അവ പാഴാക്കരുത്.
നിലവിലെ ട്രാക്കുകളിൽ പരമാവധി 100 കിലോമീറ്റർ വേഗതയാണ് പറയുന്നത്. എന്നാൽ, 90 മാത്രമേ ലഭിക്കുന്നുള്ളൂ. അതായത് വന്ദേഭാരതിനും ആ വേഗതയേ ലഭിക്കൂ. പബ്ലിസിറ്റിക്കും ഷോ കാണിക്കാനും നിങ്ങൾക്ക് പറയാം. എന്നാൽ, അത് പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രിൽ 14നാണ് വന്ദേഭാരത് എക്‌സ്പ്രസ് കേരളത്തിലെത്തിയത്. 22ന് ട്രയൽ റൺ നടക്കും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. 16 കോച്ചുകളാകും എക്സ്പ്രസിനുണ്ടാവുക. 24ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി 25ന് തിരുവനന്തപുരത്ത് വന്ദേഭാരത് ഫ്ലാഗ്ഓഫ് ചെയ്തേക്കും.