കരൂര്‍: തമിഴ്നാട്ടിൽ ദളിതർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതിന് അടച്ചുപൂട്ടിയ ക്ഷേത്രം തുറന്നു. ജില്ലാ കളക്ടറും എസ്പിയും നേരിട്ടെത്തി പൂട്ട് പൊളിച്ച് തുറന്നത് കരൂർ ജില്ലയിലെ വീരനാംപെട്ടി കാളിയമ്മൻ ക്ഷേത്രമാണ് വിശ്വാസികള്‍ക്കായി തുറന്നത്. ദശാബ്ദങ്ങളായി ദളിതര്‍ക്ക് മുന്നില്‍ അടച്ചിട്ട ക്ഷേത്ര വാതിലുകളാണ് ബുധനാഴ്ച ചരിത്രത്തിലേക്ക് തുറന്നത്. പ്രദേശത്തെ ഊരാളി ഗൌഡ വിഭാഗങ്ങളുമായി നടത്തിയ സമവായ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം.
ക്ഷേത്രം തുറന്നതിന് പിന്നാലെ ഇരുവിഭാഗത്തിലുള്ളവരും ഒരുമിച്ച് ക്ഷേത്രത്തില്‍ പൂജകളും നടന്നു. ജൂണ്‍ 9നാണ് ക്ഷേത്രത്തില്‍ കയറിയ ദളിത് യുവാവിനെ ക്ഷേത്രത്തില്‍ നിന്ന് പുറത്താക്കിയത്. പ്രദേശത്തെ ഊരാളി ഗൌഡ വിഭാഗക്കാര്‍ക്കൊപ്പം മറ്റുള്ള വിഭാഗങ്ങളിലുള്ളവരും ക്ഷേത്ര ജീവനക്കാരുടെ നടപടിക്ക് ഒപ്പം നിന്നിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ ജില്ലാ ഭരണകൂടം ക്ഷേത്രം പൂട്ടി സീല്‍ ചെയ്യുകയായിരുന്നു. ദളിത് ഇതര വിഭാഗങ്ങള്‍ തങ്ങളുടെ നിലപാടില്‍ ഉറച്ച് നിന്നതിന് പിന്നാലെയാണ് എന്നാല്‍ റവന്യൂ ഡിവിഷനല്‍ ഓഫീസര്‍ പുഷ്പ ദേവി ക്ഷേത്രം സീല്‍ ചെയ്തത്. ഇത് മേഖലയില്‍ സംഘര്‍ഷം സൃഷ്ടിച്ചിരുന്നു.
പ്രതിഷേധക്കാര്‍ റോഡ് ഉപരോധവും സമരവും സംഘടിപ്പിച്ചിരുന്നു. കരൂര്‍ ജില്ലാ പൊലീസ് പ്രതിഷേധക്കാര്‍ക്കെതിരെ എസ് സി എസ്ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള വകുപ്പുകള്‍ അടക്കം ചുമത്തി കേസ് എടുത്തിരുന്നു. നിയമ നടപടികള്‍ക്ക് പിന്നാലെ ദളിത് വിഭാഗങ്ങളും ദളിത് ഇതര വിഭാഗങ്ങളും തമ്മില്‍ നടന്ന സമവായ ചര്‍ച്ചകള്‍ക്കൊടുവിലാണ് ക്ഷേത്രത്തില്‍ ദളിത് പ്രവേശനം സാധ്യമായത്. എന്നാല്‍ സമാനമായ മറ്റൊരു സംഭവത്തില്‍ ദളിതരെ വിലക്കിയതിന് അടച്ചിട്ട ക്ഷേത്രം തത്ക്കാലം തുറക്കേണ്ടെന്ന് മദ്രാസ് ഹൈക്കോടതി വിശദമാക്കിയ അതേ ദിവസമാണ് കരൂരിലെ ക്ഷേത്രം ദളിതര്‍ക്ക് പ്രവേശനം അനുവദിച്ചത്.