തിരുവനന്തപുരം: ട്രെയിൻ മാർഗം വിൽപ്പനയ്ക്കായി എത്തിച്ച എട്ട് കിലോയോളം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. പാലക്കാട് ആലത്തൂർ സ്വദേശി വിഘ്‌നേഷ്, അണ്ടൂർക്കോണം സ്വദേശി നിഹാസ് എന്നിവരാണ് ഡാൻസാഫ് ടീമിന്റെ പിടിയിലായത്.
ട്രെയിൻ മാർഗ്ഗം വർക്കലയിൽ എത്തിച്ച കഞ്ചാവ് ആണ് ഡാൻസഫ് ടീം നടത്തിയ പരിശോധനയിൽ പിടികൂടിയത്. ഇവർ ആന്ധ്രാപ്രദേശിൽ നിന്നും കഞ്ചാവുമായി ട്രെയിൻ മാർഗം ചെന്നൈയിൽ എത്തുകയും അവിടെ നിന്നും ചെന്നൈ മെയിലിൽ വർക്കല റെയിൽവേ സ്റ്റേഷനിൽ എത്തുകയായിരുന്നു. മയക്കുമരുന്ന് ശൃംഗലയുമായി അടുത്ത ബന്ധം പുലർത്തുന്ന ഈ യുവാക്കൾ മാസങ്ങളായി നിരീക്ഷണത്തിൽ ആയിരുന്നു എന്ന് ഡാൻസാഫ് സംഘം അറിയിച്ചു. ഇവരിൽ നിന്നും പിടിച്ചെടുത്ത കഞ്ചാവിന് ഏകദേശം അഞ്ച് ലക്ഷം രൂപയോളം വിപണി വിലയുണ്ടെന്നാണ് ഡാൻസഫ് ടീമിന്റെ വിലയിരുത്തൽ.
ഡാൻസഫ് എസ് ഐ മാരായ ഫിറോസ് ഖാൻ, ബിജു, എ എസ് ഐ മാരായ ബിജു കുമാർ, ദിലീപ്, പൊലീസ് ഉദ്യോഗസ്ഥരായ അനൂപ്, വിനീഷ്, സുനിൽരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. വർക്കല താലൂക്ക് തഹസിൽദാർ സ്ഥലത്തെത്തി അളവ് തൂക്കം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തീകരിച്ചു.