കോട്ടയം : ആരോഗ്യനില മെച്ചപ്പെട്ടു, വാവ സുരേഷിനെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നു മുറിയിലേക്കു മാറ്റി. മൂര്‍ഖന്റെ കടിയിലൂടെ ശരീരത്തില്‍ എത്തിയ പാമ്പിന് വിഷം പൂര്‍ണമായി നീങ്ങിയതിനാല്‍ ആന്റിവെനം നല്‍കുന്നതും നിര്‍ത്തി. 2 ദിവസം കൂടി നിരീക്ഷിക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. സുരേഷ് ഓര്മ ശക്തിയും സംസാര ശേഷിയും പൂര്‍ണമായും വീണ്ടെടുത്തതായി ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാര്‍ പറഞ്ഞു. കാലില്‍ പാമ്പു കടിയേറ്റ ഭാഗം ഡോക്ടര്‍മാര്‍ക്കു കാണിച്ചു കൊടുത്തു. ശരീരത്തിലെ മസിലുകളുടെ ശേഷിയും പൂര്‍ണതോതില്‍ തിരിച്ചുകിട്ടി. മൂന്നു ദിവസത്തിനകം സുരേഷിന് ആശുപത്രി വിടാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാരുടെ പ്രതീക്ഷ.