കൊച്ചി : കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം ശരിവെച്ച സിംഗില്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലില്‍ വിധി ഇന്ന്. ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചാണ് വിധി പറയുക. വി സിക്ക് പുനര്‍നിയമനം നല്‍കിയ നടപടി സര്‍വകലാശാല ചട്ടങ്ങളുടെ ലംഘനമാണെന്ന വാദമാണ് ഹര്‍ജിയിലുള്ളത്. ഡോ ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കാന്‍ സെലക്ഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശയില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സെനറ്റംഗം ഡോ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാഡമിക് കൗണ്‍സില്‍ അംഗം ഡോ ഷിനോ പി ജോസ് എന്നിവരാണ് സിംഗിള്‍ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്ത് അപ്പീല്‍ നല്‍കിയത്. ഇവര്‍ സമര്‍പ്പിച്ച ഹര്‍ജി മുന്‍പ് സിംഗിള്‍ ബെഞ്ച് തള്ളുകയായിരുന്നു. കണ്ണൂര്‍ വി.സി നിയമനത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനെതിരേ മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ലോകായുക്ത നേരത്തേ തള്ളിയിരുന്നു.
മന്ത്രി ആര്‍. ബിന്ദു തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സര്‍വകലാശാലയ്ക്ക് അന്യയല്ല ആര്‍. ബിന്ദുവെന്നും ലോകായുക്ത ജസ്റ്റിസ് സിറയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ റഷീദും ലോകായുക്ത വിധിയില്‍ വ്യക്തമാക്കിയിരുന്നു. ഗവര്‍ണര്‍ക്ക് ഒരു പ്രൊപ്പോസല്‍ മാത്രമാണ് മന്ത്രി നല്‍കിയത്. അതുവേണമെങ്കില്‍ തള്ളാനോ കൊള്ളാനോ ഉളള സ്വതന്ത്ര്യം ഗവര്‍ണര്‍ക്കുണ്ടായിരുന്നു. എന്തുകൊണ്ട് ഗവര്‍ണര്‍ അത് തള്ളിയില്ലെന്നും അന്ന് കോടതി ചോദിച്ചിരുന്നു.