കൊച്ചി: സർവകലാശാല ചാൻസലർ പദവി ഏറ്റെടുക്കാനാകില്ലെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് നിയമവിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിയമസഭ പാസാക്കിയ നിയമത്തിന് അതീതനല്ല ഗവർണർ. ചാൻസലർ പദവി ഗവർണറിൽ നിന്ന് എടുക്കണമെങ്കിൽ നിയമസഭയിൽ നിയമ ഭേദഗതി കൊണ്ടു വരണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ വി.സി നിയമനത്തിൽ സർക്കാർ നിയമവിരുദ്ധമായാണ് ഇടപെട്ടത്. പ്രോ ചാൻസലർ എന്ന നിലയിൽ ഉന്നത വിഭ്യാഭ്യാസ മന്ത്രി സർച് കമ്മിറ്റി റദ്ദാക്കി വി.സിയുടെ പുനർനിയമനം നടത്തുകയാണ് ഉണ്ടായത്. നിയമവിരുദ്ധമായിത്തന്നെ ഗവർണർ അതിൽ ഒപ്പിട്ടു. പിന്നീട് കുട്ടികളെപ്പോലെ സംസാരിക്കേണ്ട ആളല്ല ഗവർണർ.
നിയമനം റദ്ദാക്കി പുതിയ വി.സിയെ നിയമിക്കുകയാണ് വേണ്ടത്. ഇതിനായി നിയമപരമായ നടപടികളുമായി യു.ഡി.എഫ് മുന്നോട്ടുപോകും. കെ-റെയിലിനെതിരെ നിലപാട് എടുക്കുന്നതിന്റെ പേരിൽ സിപിഎം വീടുകളിൽ കയറി വർഗീയത പ്രചരിപ്പിക്കുകയാണ്. കോൺഗ്രസും ബിജെപിയും ജമാഅത്തെ ഇസ്ലാമിയുമായും ചേർന്ന് സമരം നടത്തുന്നുവെന്നാണ് പ്രചാരണം. കേരളത്തിൽ സമരം നടത്താൻ ബിജെപിയുടെ സഹായം വേണ്ട. ജമാഅത്തെ ഇസ്ലാമി കെ-റെയിൽ സംബന്ധിച്ച് നിലപാടുപോലും വ്യക്തമാക്കിയിട്ടില്ല. നിയമസഭയിൽ പോലും ചർച്ച ചെയ്തിട്ടില്ലാത്ത കെ-റെയിലിനെതിരെ കോൺഗ്രസ് അടുത്ത ഘട്ടം സമരം പ്രഖ്യാപിക്കുമെന്നും സതീശൻ പറഞ്ഞു.