തിരുവനന്തപുരം : അതിതീവ്ര കൊവിഡ് വ്യാപനത്തില്‍ സര്‍ക്കാരിനും സിപിഐഎമ്മിനുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. തിരുവനന്തപുരത്ത് കൊവിഡ് ഈ വിധത്തില്‍ വര്‍ധിക്കാന്‍ ഇടയാക്കിയത് സിപിഐഎം സമ്മേളനങ്ങളാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടും ജില്ലയിലെ സ്‌കൂളുകള്‍ അടക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. രോഗവ്യാപനം ചെറുക്കുന്നതിനായി കോണ്‍ഗ്രസ് കാണിച്ച ഉത്തരവാദിത്വബോധം സിപിഐഎമ്മില്‍ കാണുന്നില്ലെന്നും അദ്ദേഹം ആഞ്ഞടിച്ചു. അതിതീവ്ര രോഗവ്യാപനത്തിന്റെ ഘട്ടത്തില്‍ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ മുഴുവന്‍ ഒരു പ്രത്യേക വിഭാഗം ഹൈജാക്ക് ചെയ്തുവെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രധാന ആരോപണം. ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കോ അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ക്കോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കോ ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല.
ആരോഗ്യമന്ത്രിക്ക് ആകെ പറയാന്‍ സാധിക്കുന്നത് രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗം വല്ലാതെ കൂടുമെന്ന് മാത്രമാണ്. മുഖ്യമന്ത്രി ഉത്കണ്ഠ രേഖപ്പെടുത്തി. സര്‍ക്കാര്‍ ജാഗ്രത പാലിക്കണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നുമുണ്ട്. ഈ വാക്കുകള്‍ക്കൊക്കെ നിലവില്‍ എന്തെങ്കിലും അര്‍ഥമുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. സര്‍ക്കാര്‍ രോഗത്തെ വിധിക്ക് വിട്ടുനല്‍കിയിരിക്കുകയാണെന്നും അദ്ദേഹം ആഞ്ഞടിച്ചു. അതിവേഗത്തില്‍ രോഗം പടരുന്നതിനാല്‍ ഈ മാസം 17ന് സര്‍വ്വകലാശാലകളിലേക്ക് നടത്താനിരുന്ന മാര്‍ച്ച് ഉള്‍പ്പെടെ കോണ്‍ഗ്രസ് മാറ്റിവെച്ചതായി പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് 50 പേരില്‍ കൂടുതല്‍ ആളുകളെ പരിപാടികള്‍ക്ക് അനുവദിക്കില്ലെന്ന് കളക്ടറുടെ ഉത്തരവ് ഉണ്ടായിരുന്നു.
പക്ഷേ സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി കുടുംബശ്രീ തെരഞ്ഞടുപ്പുകള്‍ നടത്താന്‍ കളക്ടര്‍ക്ക് അനുവാദം നല്‍കേണ്ടി വന്നു. പലയിടങ്ങളിലും തെരഞ്ഞെടുപ്പ് സമയത്ത് മുന്നൂറിലധികം ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്ന അവസ്ഥയുണ്ടായെന്നും വി ഡി സതീശന്‍ ആരോപിച്ചു.