തിരുവനന്തപുരം: മോന്‍സൺ മാവുങ്കല്‍ ഉള്‍പ്പെട്ട പോക്സോ കേസില്‍ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന് പങ്കുണ്ടെന്ന രീതിയില്‍ എം.വി ഗോവിന്ദന്‍ നടത്തിയ പ്രസ്താവനക്കെതിരെ വിമർശനവുമായി വി.ഡി. സതീശൻ. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ സൂപ്പർ ഡി.ജി.പി ചമയുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
ആഭ്യന്തര മന്ത്രി ചമഞ്ഞ്, സൂപ്പർ ഡി.ജി.പി ചമഞ്ഞ്, ക്രൈം ബ്രാഞ്ചിൽ നിന്ന് വിവരം കിട്ടിയെന്ന പച്ചകള്ളവും പറഞ്ഞിരിക്കുകയാണ്. ക്രിമിനൽ കുറ്റമാണ് അദ്ദേഹം ചെയ്തിരിക്കുന്നതെന്നും സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ഏത് ഹീനമായ മാർഗവും രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ പ്രയോഗിക്കും. ഏത് തരത്തിലുള്ള ഗൂഢാലോചനയും നടത്തും. ആരെയും അപകീർത്തിപ്പെടുത്തും. സൈബറിടങ്ങളിൽ വെട്ടുകിളികളെപ്പോലെ സി.ബി.എം സൈബർ ഗുണ്ടകൾ നടത്തുന്ന ആക്രമണത്തിന് സമാനമായ അതേ നിലവാരത്തിലുള്ളതാണ് കേരളത്തിലെ പാർട്ടി സെക്രട്ടറി നടത്തിയിരിക്കുന്നതെന്നും വി.ഡി സതീശൻ വിമർശിച്ചു.
ഇങ്ങനെ ജനങ്ങളെ ചിരിപ്പിക്കരുത് എന്നാണ് എസ്.എഫ്.ഐക്കാരോട് പറയാനുള്ളത്. ബി.കോം പാസ്സാകാതെ സർട്ടിഫിക്കറ്റ് ഹാജരാക്കി എം.കോമിന് അഡ്മിഷൻ വാങ്ങിയതിനെക്കുറിച്ച് പരിശോധന നടത്തുന്നത് പരീക്ഷ എഴുതാതെ പാസ്സായി എന്ന് ആരോപണം ഉള്ള എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി. വ്യാപകമായ തട്ടിപ്പുകളാണ് നടക്കുന്നത്. പി.എസ്.സി പരീക്ഷയിലെ ആൾമാറാട്ടം, ജയിച്ച കൗൺസിലറെ മാറ്റി ഏരിയ സെക്രട്ടറി കൗൺസിലറാകുന്ന തട്ടിപ്പ്, വാഴക്കുല തീസിസ് സമർപ്പിക്കുക, സംവരണം അട്ടിമറിച്ച് പി.എച്ച്.ഡിക്ക് രജിസ്റ്റർ ചെയ്യുക തുടങ്ങി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെക്കുറിച്ച് സംസാരിക്കുമ്പോൾ ആളുകൾ ചിരിച്ച് പോകുന്ന സ്ഥിതിയിലേക്കാണ് എസ്.എഫ്.ഐ നേതാക്കന്മാർ എത്തിച്ചിരിക്കുന്നത് -അദ്ദേഹം പരിഹസിച്ചു.