കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങളില്‍ പ്രതി സ്ഥാനത്ത് നില്‍ക്കുന്ന പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിനിൽക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിഷയത്തില്‍ മുഴുവൻ ദുരൂഹതയാണ്. ഇത്ര ആരോപണങ്ങള്‍ വന്നിട്ടും കേന്ദ്ര ഏജന്‍സികള്‍ മൗനത്തിലാണെന്നും ബിജെപിയുമായുള്ള ധാരണയാണ് ഇതിന് പിന്നിലെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
കേന്ദ്ര ഏജൻസികളെ വിശ്വാസമില്ലെന്നും സ്വപ്ന സുരേഷിന്‍റെ ശബ്ദരേഖയിലുള്ള കാര്യങ്ങള്‍ ഹൈക്കോടതി നേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വിവാദത്തില്‍ ക്ലീഷേ വാചകങ്ങൾ പറയാതെ കൃത്യമായി സിപിഎമ്മും മുഖ്യമന്ത്രിയും കൃത്യമായി മറുപടി പറയണമെന്ന് ആവശ്യപ്പെട്ട വി ഡി സതീശന്‍, മാധ്യമപ്രവര്‍ത്തകന്‍ ഷാജ് കിരണ്‍ പൊലീസ് വിട്ട ഇടനിലക്കാരന്‍ ആയിരുന്നോ എന്നും സംശയം പ്രകടിപ്പിച്ചു. ഇങ്ങനെയാണോ പൊലീസ് ഈ കേസ് കൈകാര്യം ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞത് പോലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെയ്യില്ലെന്നും മുഖ്യമന്ത്രി പേടിക്കണ്ടെന്നും വി ഡി സതീശന്‍ പരിഹസിച്ചു.