കൊച്ചി : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര അന്വേഷണ ഏജൻസികൾക്കുമെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്വര്‍ണ്ണ കറൻസി കടത്ത് കേസുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണമുയർന്നിട്ടും ഇ ഡി കേസെടുത്തില്ല. എൻഫോഴ്സ്മന്റ് ഡയറക്ട്രേറ്റിന് രാഷ്ട്രീയമുണ്ട്. താത്പര്യമുണ്ടെങ്കിൽ മാത്രമേ കേസെടുക്കൂ എന്ന നിലപാടാണ് ഇഡിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി. കേന്ദ്ര ഏജൻസികളെ വിശ്വാസത്തിലെടുക്കാൻ സാധിക്കില്ല. അതിനാൽ സ്വര്‍ണ്ണക്കടത്തിൽ ഹൈക്കോടതിയുടെ നേതൃത്വത്തിൽ സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
”സംഘപരിവാറിന്റെ ഇഷ്ടക്കാരനാണ് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്താണ് സംഘപരിവരിവാറുമായി പിണറായി സെറ്റിൽമെന്റിലെത്തിയത്. അടിക്കടി കേരളത്തിലേക്ക് വരുന്ന ഒരു കേന്ദ്ര മന്ത്രിയാണ് പ്രധാന ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നത്. അവതാരങ്ങളില്ലെന്ന് പറഞ്ഞ പിണറായിക്ക് ഇപ്പോൾ നിറയെ അവതാരങ്ങളാണ്. ഇതിൽ ഒൻപതാമത്തെ അവതാരമാണ് ഷാജ് കിരൺ. തന്നെ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന സുരേഷ് വ്യക്തമാക്കിയിട്ടും ഷാജ് കിരണിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ഫോൺ രേഖകളിൽ കൃത്രിമം നടത്താൻ പൊലീസ് സമയം നൽകിയിരിക്കുകയാണ്. പോലീസാണ് ഷാജിനെ ഇടനിലക്കാരനായി ചുമതലപ്പെടുത്തിയത്. പങ്കില്ലെങ്കിൽ എന്തിനാണ് ഭയപ്പെടുന്നത്. എന്താണ് ഇടനിലക്കാരെ വിടുന്നതെന്നും സതീശൻ ചോദിച്ചു.
മുഖ്യമന്ത്രി പുറത്ത് ഇറങ്ങിയാൽ ആളുകൾ പേടിച്ച് അകത്ത് കയറുന്നുവെന്ന സ്ഥിതിയാണ് കേരളത്തിലുള്ളത്. കറുത്ത വസ്ത്രമിടുന്നവരെ പോലീസ് പിടിച്ചു കൊണ്ട് പോകുന്നു. എന്താണ് കേരളത്തിൽ നടക്കുന്നത്. എന്തിനാണ് പോലീസിനെ ഉപയോഗിച്ച് പ്രതിഷേധക്കാരെ അടിച്ചമര്‍ത്താൻ ശ്രമിക്കുന്നത്. കറുത്ത ഡ്രസ്, മാസ്ക്ക് ഒന്നും പറ്റില്ലെന്നാണ് പോലീസ് പറയുന്നത്. ഹിറ്റ്ലർ ഭരണമാണോ കേരളത്തിൽ നടക്കുന്നതെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ്, സ്വര്‍ണ്ണക്കടത്ത് കേസിലെ ഒരു പ്രതി ഒരു സ്റ്റേറ്റ്മെന്റ് കൊടുത്തതിനെ എന്തിനാണ് നിങ്ങൾ ഭയക്കുന്നതെന്നും ചോദിച്ചു.