തിരുവനന്തപുരം: അഹങ്കാരത്തിലും ധാർഷ്ട്യത്തിലും ധിക്കാരത്തിലും നരേന്ദ്ര മോദിക്കുമപ്പുറം പോയി സ്റ്റാലിൻ ആകാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. കേരള ഫൈനാൻസ് സെക്രേട്ടറിയറ്റ് അസോസിയേഷൻ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് പോലും അനുവദിക്കില്ലെന്ന ധിക്കാരമാണ് പിണറായിക്ക്. ചോദ്യങ്ങളെയും സംവാദങ്ങളെയും അദ്ദേഹം ഭയക്കുന്നു. വടിവാളുകൾക്കിടയിലൂടെ നടന്നുവെന്നും എന്നോട് കളിക്കേണ്ട, ജനുസ്സ് വേറെയാണെന്നും പറയുന്ന മുഖ്യമന്ത്രി രണ്ട് യൂത്ത് കോൺഗ്രസുകാരെ കാണുമ്പോൾ ആയിരം പൊലീസുകാർക്കിടയിൽ ഒളിക്കുകയാണ്.വടിവാളുകൾക്കിടയിലൂടെ നടന്നുവെന്ന് കേൾക്കുകയല്ലാതെ ആളെ കാണുന്നില്ലെന്നും സതീശൻ പരിഹസിച്ചു. പഴയ വിജയനാണെങ്കിൽ കാണിച്ചുതരുമായിരുന്നു എന്നാണ് അദ്ദേഹത്തിന്‍റെ വിരട്ടൽ. പ്രതിപക്ഷത്തിന് പുതിയ വിജയനെയും പഴയ വിജയനെയും പേടിയില്ല.
അഞ്ച് ഗഡു ഡി.എ കുടിശ്ശികയായിട്ടും മെഡിസെപ് ഉപകാരമില്ലാതായിട്ടും സർക്കാർ വിലാസം സംഘടനകൾക്ക് ഒരു പരാതിയുമില്ല. അവർ സർക്കാറിന് മംഗളപത്രം തയാറാക്കുന്ന തിരക്കിലാണ്. ഒന്നാം തീയതി എന്തിനാ മുഴുവൻ ശമ്പളവും എന്ന് ഗതാഗതമന്ത്രി കെ.എസ്.ആർ.ടി.സിക്കാരോട് ചോദിക്കുന്നത് വൈകാതെ ധനകാര്യമന്ത്രിയും മുഖ്യമന്ത്രിയും സർക്കാർ ജീവനക്കാരോട് ഒന്നടങ്കം ചോദിക്കും. പ്രസിഡന്‍റ് എൻ. ഗോപകുമാർ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ ഡോ. മാത്യു കുഴൽനാടൻ, ടി. സിദ്ദീഖ്, ഉമ തോമസ്, അസോസിയേഷൻ ജനറൽ സെക്രട്ടറി തിബീൻ നീലാംബരൻ, ഡി. ജലജകുമാരി എന്നിവർ സംസാരിച്ചു.