കൊച്ചി : സിൽവര്‍ ലൈനിൽ കെ റെയിലിൻ്റെ ജിപിഎസ് സർവേയെ എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിൽവര്‍ ലൈനിൽ നടക്കുന്ന സര്‍വേ തീര്‍ത്തും പ്രഹസനമാണ്. കേരളത്തിലെവിടെയും ഭൂമിയിൽ ഇറങ്ങി വന്നു സര്‍വേ നടപ്പാക്കാൻ സർക്കാരിന് പറ്റില്ല. അതിനാലാണ് ജിപിഎസ് കൊണ്ട് വരുന്നത്. എന്നാൽ കെ റെയിലിൻ്റെ ജിപിഎസ് സര്‍വേയേയും എതിര്‍ക്കാനാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം. ഇക്കാര്യത്തിൽ സര്‍ക്കാരിൽ ഭിന്നാഭിപ്രായമുണ്ട്. സര്‍ക്കാര്‍ ഉത്തരവിൽ കല്ലിടില്ല എന്ന് പറയുന്നുണ്ട്. എന്നാൽ മന്ത്രിമാരും നേതാക്കളും പരസ്പര വിരുദ്ധമായിട്ടാണ് സംസാരിക്കുന്നത്. കൗശലം ഉപയോഗിച്ച് സ്ഥലം എറ്റെടുക്കൻ ഉള്ള ശ്രമം ആയിരുന്നു സര്‍ക്കാര്‍ നടത്തിയത്. അതാണിപ്പോൾ പരാജയപ്പെട്ടത്. യുഡിഎഫിൻ്റെ നേതൃത്വത്തിൽ നടന്ന കെ റെയിൽ വിരുദ്ധ പ്രക്ഷോഭത്തിൻ്റെ ഒന്നാം ഘട്ടം വിജയമാണ്.
എറണാകുളത്ത് ഇന്ന് കാണുന്ന എല്ലാ വികസനവും കൊണ്ടു വന്നത് യുഡിഎഫ് ആണ്. ആരാണ് വികസന വിരുദ്ധര്‍ എന്ന് തെളിയിക്കാൻ കോടിയേരിയെ വെല്ലുവിളിക്കുന്നു, എറണാകുളം ജില്ലയിൽ ഇടത് മുന്നണിക്ക് ചൂണ്ടി കാണിക്കാൻ പോലും ഒരെണ്ണമില്ലെന്നും വിഡി സതീശൻ പറഞ്ഞു. കല്ലിടൽ അവസാനിപ്പിച്ചെങ്കിലും സിൽവര്‍ ലൈൻ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് ഉറപ്പിച്ച് പറഞ്ഞ് സര്‍ക്കാര്‍. ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ച് സര്‍വെ തുടരും. അതേ സമയം കല്ലിടൽ നിര്‍ത്തിയത് തന്നെ ജനകീയ പ്രതിഷേധത്തിന്റെ വിജയമാണെന്ന പ്രചാരണം ശക്ചമാക്കുകയാണ് പ്രതിപക്ഷം. അതേസമയം കല്ലിടുമോ ഇല്ലയോ എന്ന തര്‍ക്കത്തിന് ഇനി പ്രസക്തിയില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. സിൽവര്‍ ലൈൻ സര്‍വെക്ക് മഞ്ഞക്കല്ല് സ്ഥാപിക്കുന്ന പരിപാടി കെ റെയിൽ അവസാനിപ്പിച്ചിട്ടുണ്ട്. ആധുനിക സങ്കേതങ്ങൾ ഉപോയഗിച്ച് സര്‍വെ തുടരും എന്നാണ് കെ റെയിൽ നിലപാട്.
ഒരാൾക്ക് പോലും വിഷമമുണ്ടാക്കി പദ്ധതി നടപ്പാക്കില്ലെന്നാണ് മന്ത്രി എംവി ഗോവിന്ദൻ ഇന്നു പറഞ്ഞത്. കിടപ്പാടം നഷ്ടപ്പെടുന്നത് വലിയ ത്യാഗമാണ്. പക്ഷെ നാടിന്റെ സമഗ്ര വികനത്തിനും ഉന്നതിക്കും വേണ്ടിയാണതെന്ന് ജനം തിരിച്ചറിയണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. നഷ്ടപരിഹാരം കൂട്ടണമെങ്കിൽ അതടക്കം ആലോചിക്കുമെന്നാണിപ്പോൾ സര്‍ക്കാര് നിലപാട്. എന്നാൽ തൃക്കാക്കര തെരഞ്ഞെടപ്പ് ചൂടിനിടെ കല്ലിടലിൽ നിന്ന് സര്‍ക്കാര്‍ പിൻമാറിയത് രാഷ്ട്രീയ വിജയമായാണ് പ്രതിപക്ഷം കാണുന്നത്.
ജിപിഎസ് സര്‍വെയാണ് ഇനി നടക്കൂ. അതിരടയാളം രേഖപ്പെടുത്താൻ ജിയോ ടാഗിംഗ് സാങ്കേതിക വിദ്യ പരീക്ഷിക്കുന്നതും പരിഗണനയിലുണ്ട്. സര്‍ക്കാര്‍ ഉത്തരവിന്റെ പശ്ചാത്തലത്തിൽ തുടര്‍ നടപടികൾ എങ്ങനെ വേണമെന്ന് ആലോചിച്ച് വരികയാണെന്ന് കെ റെയിൽ അധികൃതര്‍ പറഞ്ഞു.