കോട്ടയം: പരിചയക്കുറവ് ആർക്കാണെന്ന് ജനം വിലയിരുത്തുമെന്ന് ആരോഗ്യമന്ത്രിയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷനേതാവ് വിഡി സതീശൻ. കൊല്ലപ്പെട്ട ഡോ വന്ദനദാസിന്റെ വീട്ടിലെത്തിയതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സതീശൻ. ഗുരുതരമായ കുറ്റകരമായ അനാസ്ഥയാണ് നടന്നത്. ഇക്കാര്യത്തിൽ അതീവ ദുഖിതരാണ് വന്ദനയുടെ മാതാപിതാക്കളെന്നും സതീശൻ പറഞ്ഞു.
സന്ദീപിന്റെ കൈ പോലും കെട്ടാതെയാണ് പരിശോധനക്ക് എത്തിച്ചത്. ഒരു ക്രിമിനലിനെ ഒരു തയ്യാറെടുപ്പും ഇല്ലാതെ പെൺകുട്ടിക്ക് മുന്നിൽ ഇട്ടു കൊടുത്തു. ഇയാൾ വാദിയാണ് എന്നാണ് എഡിജിപി പറഞ്ഞത്. പൊലീസ് പുതിയ തിരക്കഥ തയ്യാറാക്കുകയാണ്. അവരുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടാവുകയായിരുന്നു. മന്ത്രിയുടെ പരാമർശം മുറിയുടെ ആഴം കൂട്ടുന്നതായിരുന്നു. മന്ത്രി എന്ത് അടിസ്ഥാനത്തിൽ ആണ് പരിചയക്കുറവാണെന്ന് പറഞ്ഞത്. പരിചയക്കുറവ് ആർക്കാണെന്ന് ജനം വിലയിരുത്തും. ഒരു വലിയ മുറിവാണ് ഉണ്ടായിരിക്കുന്നത്. മക്കളെ സ്നേഹിക്കുന്ന എല്ലാവരുടേയും മനസ്സിലുള്ള മുറിവാണത്. ആർക്കും താങ്ങാൻ കഴിയാത്ത മുറിവ്. ആ മുറിവ് കൂടുതൽ വലുതാക്കുന്ന രീതിയിലുള്ള പ്രതികരണമാണ് മന്ത്രിയുടേതെന്നും സതീശൻ കൂട്ടിച്ചേർത്തു.
കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്ന നേഴ്സുമാർക്കും ഹൗസ് സർജൻമാർക്കും എന്ത് പരിചയം വേണമെന്നാണ് മന്ത്രി പറയുന്നത്. എന്ത് പരിചയം വേണമെന്നാണ് അവർ ലക്ഷ്യം വെക്കുന്നത്. അത് കൊണ്ടാണ് ഞാൻ പറയുന്നത് പരിചയക്കുറവ് ആർക്കാണെന്ന് കേരളം വിലയിരുത്തുമെന്ന്. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഗൗരവം വേണം. കേരളത്തിലെ ആശുപത്രികളിൽ ഭീതിയോടെയാണ് ആരോഗ്യവകുപ്പിലെ ജോലിക്കാർ ജോലി ചെയ്യുന്നത്. ആരോഗ്യമന്ത്രി പരിചയക്കുറവ് എന്ന് പറയുന്ന തരത്തിലേക്ക് തരംതാഴതായിരുന്നു. വീണ ജോർജ് അവരുടെ സ്ഥാനത്തിന്റെ മഹത്വം മനസ്സിലാക്കണം. സംഭവത്തെ പൊലീസ് ഉദ്യോഗസ്ഥർ ന്യായീകരിക്കുന്നത് വിചിത്രമായാണെന്നും സതീശൻ പറഞ്ഞു.