തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം നടത്താന്‍ ഭരണഘടനാപരമായ ബാധ്യതയുള്ള ഗവര്‍ണര്‍ അവസാന ഖണ്ഡിക മാത്രം വായിച്ചു മടങ്ങിയത് നിയമസഭയോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷം. സര്‍ക്കാറും ഗവര്‍ണറും നടത്തുന്ന രാഷ്ട്രീയ നാടകത്തിന്റെ പരിതാപകരമായ അന്ത്യമാണ് സഭയിലുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സര്‍ക്കാറിന്റെ സ്ഥിതി പ്രതിഫലിക്കുന്ന നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ക്ക് നല്‍കിയത്. നയപ്രഖ്യാപനത്തില്‍ കേന്ദ്രത്തിനെതിരെ ഒരു വിമര്‍ശനവുമില്ല. കേന്ദ്രത്തിന് എതിരെ ഡല്‍ഹിയില്‍ സമരം ചെയ്യുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി കേന്ദ്ര ഏജന്‍സികളെ ഭയന്ന് സമരം സമ്മേളനമാക്കി മാറ്റി. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഭയന്നാണിത്. ധനകാര്യ സംബന്ധിയായ ചില കാര്യങ്ങള്‍ പറയുന്നതല്ലാതെ കേന്ദ്രത്തിനെതിരെ കാര്യമായ ഒരു വിമര്‍ശനവും ഇല്ല. മുഖ്യമന്ത്രി ജീവിക്കുന്നതുതന്നെ കേന്ദ്ര സര്‍ക്കാറിനെയും കേന്ദ്ര ഏജന്‍സികളെയും ഭയന്നാണ്.
കേരളീയത്തെക്കുറിച്ചും നവകേരള സദസ്സിനെക്കുറിച്ചും പറയുന്നുണ്ടെങ്കിലും സ്‌പോണ്‍സര്‍ഷിപ്പും ചെലവും സംബന്ധിച്ച ഒരു വിവരവുമില്ല. കഴിഞ്ഞ ബജറ്റില്‍ ലൈഫ് മിഷന് 717 കോടി രൂപ അനുവദിച്ചിട്ട് 18 കോടി മാത്രമാണ് ചെലവഴിച്ചത്. ലൈഫ് ഭവന പദ്ധതിയെ സര്‍ക്കാര്‍ പൂര്‍ണമായും തകര്‍ത്തു. സപ്ലൈകോയില്‍ അവശ്യസാധനങ്ങള്‍പോലും ഇല്ല. സാമൂഹിക സുരക്ഷാ പെന്‍ഷൻ വിതരണം ചെയ്തിട്ട് ആറു മാസമായി. ഒന്നും അവകാശപ്പെടാനില്ലാത്ത സര്‍ക്കാറിന്റെ പൊള്ളയായതും യാഥാർഥ്യങ്ങളുമായി ബന്ധമില്ലാത്തതുമായ പ്രഖ്യാപനങ്ങള്‍ മാത്രമാണ് നയപ്രഖ്യാപനത്തിലുള്ളത്. ഇത്രയും മോശമായ നയപ്രഖ്യാപനം കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നയപ്രഖ്യാപനത്തിന് എത്തിയ ഗവര്‍ണര്‍ വാണംവിട്ട പോലെ മടങ്ങിപ്പോവുകയായിരുന്നെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. പ്രതിപക്ഷ നിരയെ അഭിവാദ്യം ചെയ്യുന്ന കീഴ്വഴക്കവും പാലിച്ചില്ല. നിയമസഭയെ അപമാനിക്കുന്ന നടപടിയാണ് ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇത് അംഗീകരിക്കാനാകില്ല. അപമാനകരമായ സ്ഥിതി ഉണ്ടായതില്‍ സര്‍ക്കാറിനും ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.