പത്തനംതിട്ട∙ കേരളമെമ്പാടും പോയി പ്രസംഗിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മൂന്നു തവണ തന്നോട് ആവശ്യപ്പെട്ടെന്ന് ശശി തരൂർ എംപി. കോൺഗ്രസിനുള്ളിലെ വിഭാഗീയതയിൽ താനും എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും താൻ ഒരു വിഭാഗീയതയും ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.‘‘പ്രതിപക്ഷ നേതാവാണ് കേരളത്തിൽ എല്ലായിടത്തും പരിപാടി സംഘടിപ്പിക്കാൻ ആവശ്യപ്പെട്ടത്. വി.ഡി.സതീശൻ ഇക്കാര്യം മൂന്നുതവണ തന്നോട് പറഞ്ഞു. എന്റെ പരിപാടിക്ക് വിവാദങ്ങൾ ഉണ്ടാകുന്നത് എങ്ങനെ എന്ന് അറിയില്ല. എല്ലാ പരിപാടികളും ഡിസിസി പ്രസിഡന്റുമാരെ അറിയിച്ചിട്ടുണ്ട്. ഡിസിസി പ്രസിഡന്റുമാരെ അറിയിച്ച തീയതി അടക്കം കയ്യിലുണ്ട്. പരാതി കൊടുത്താൽ അതിന് മറുപടി നൽകും. 14 വർഷമായി ചെയ്യുന്ന കാര്യങ്ങൾക്ക് ഇതുവരെ പരാതി ഉണ്ടായിരുന്നില്ല’’– അദ്ദേഹം പറഞ്ഞു.എയും, ഐയും അല്ല, ഇനി ഒന്നിച്ചാണ് കോൺഗ്രസ് മുന്നോട്ടുപോകേണ്ടതെന്നും താനൊരു വിഭാഗത്തിന്റെയും മെംബർ അല്ലെന്നും തരൂർ വ്യക്തമാക്കി. പത്തനംതിട്ട അടൂരിൽ ബോധിഗ്രാം സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.