തിരുവനന്തപുരം : എ കെ ജി സെന്‍ററിന് നേരെ ഉണ്ടായ ആക്രമണത്തിൽ ആഭ്യന്തര വകുപ്പിനേയും പൊലീസിനേയും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്ട്രൈക്കേഴ്സ് സംഘം കാവൽ നിൽക്കുന്ന സ്ഥലത്താണ് ആക്രമണം ഉണ്ടായത്. അത് എങ്ങനെ ഉണ്ടായി. അക്രമം നടക്കുന്നതിന്‍റെ തലേ ദിവസം വരെ ആ ഗെയ്റ്റിന് മുന്നിൽ പട്രോളിങ് ജീപ്പ് ഉണ്ടായിരുന്നു. കന്‍റോൺമെന്‍റ് പൊലീസ് സ്റ്റേഷനിലെ ജീപ്പ് ആണിത്. എന്നാൽ അക്രമം നടന്ന അന്ന് ഈ ജീപ്പ് ഉണ്ടായില്ല . എന്തുകൊണ്ട് പട്രോളിങ് സംഘം അവിടെ ഉണ്ടായില്ല. ഇക്കാര്യം മുഖ്യമന്ത്രി പരിശോധിക്കണം. കന്‍റോൺമെന്‍റ് പൊലീസ് സ്റ്റേഷനിലെ പട്രോളിങ് രജിസ്റ്റർ പരിശോധിക്കണമെന്നും വി ഡി സതീശൻ പറഞ്ഞു.
എകെജി സെന്‍ററിന് ചുറ്റും ക്യാമറകൾ. സമീപത്തുള്ള കടകളിലും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മറ്റുമായി 70ലേറെ ക്യാമറകൾ. എന്നിട്ടും പ്രതി ഇതിലൊന്നും പെടുന്നില്ല. അതെന്തുകൊണ്ടാണ്. സക്കറിയായുടെ കഥ ഉദ്ധരിച്ച് പറക്കും സ്ത്രീ വന്നിറങ്ങിയാണോ ആക്രമണം നടത്തിയതെന്ന് വി ഡി സതീശൻ ചോദിച്ചു.
പൊലീസ് പ്രതിയെ കണ്ടെത്തിയില്ല. എന്നാൽ അവിടെ എത്തിയ ഇ പി ജയരാജൻ വന്നുടൻ പറഞ്ഞു , കോൺഗ്രസാണ് ഇതിന് പിന്നിലെന്ന് . ഇത് കണ്ടപ്പോൾ തോന്നിയത് സംഭവം നടക്കുന്നതിന് അരമണിക്കൂർ മുന്നേ ഇ പി ജയരാജൻ പുറപ്പെട്ടോ എന്നാണെന്നും വി ഡി സതീശൻ പരിഹസിച്ചു.
വിഷയം മാറ്റിക്കൊണ്ടുപോകാൻ ഭരണകക്ഷി ശ്രമിക്കുകയാണ്. പാർട്ടി ഓഫീസുകൾക്ക് നേരായ അക്രമം അവസാനിപ്പിക്കാൻ ആണ് അടിയന്തര പ്രമേയം കൊണ്ട് വന്നത്. സ്വന്തം പാർട്ടിയുടെ ഓഫീസ് ആക്രമണം ആഘോഷമാക്കുന്നത് എന്തിനെന്ന് എല്ലാവർക്കും മനസിലായി.പലതിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ശ്രമം. കോൺഗ്രസ് ഓഫിസുകൾക്ക് നേരെ ബോംബേറ് ഉണ്ടായി , തീ വയ്പ് ഉണ്ടായി , തന്‍റെ ഔദ്യോഗിക വസതിക്ക് അകത്ത് ആൾ കയറി വധിക്കുമെന്ന ഭീഷണി ഉയർത്തി. അവരെ ജീവനക്കാർ പിടികൂടി പൊലീസിനെ ഏൽപിച്ചു. അവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. തനിക്ക് ഇതിൽ പരാതി ഇല്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സർക്കാരിന് നേതൃത്വം കൊടുക്കുന്ന ഭരണ കക്ഷി പാർട്ടി തന്നെയാണ് അക്രമത്തിന് കുട പിടിക്കുന്നതെന്നും വി ഡി സതീശൻ ആരോപിച്ചു.
എച്ച്.സലാം എം എൽ എയുടെ കലാപാഹ്വാനം പൊലീസും സർക്കാരും കണ്ടില്ലേ, അതിൽ കേസെടുത്തോ. എ കെ ജി സെന്‍ററിലെ ഒരു ജനലെങ്കിലും കല്ലെറിഞ്ഞ് പൊട്ടിക്കുമെന്ന് പറഞ്ഞ ഒരു യുവാവിനെ പിടികൂടി.ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് ചോദ്യം ചെയ്യൽ തുടങ്ങി. തെറ്റ് ചെയ്തെങ്കിൽ ശിക്ഷിച്ചോളു. അതിൽ ഒരു തെറ്റും ഇല്ല. തെറ്റ് ചെയ്തെങ്കിൽ പിന്നെന്തിനാണ് കേസ് പോലും ഒഴിവാക്കി അയാളെ വിട്ടയച്ചതെന്നും വി ഡി സതീശൻ ചോദിച്ചു. കോടിയേരിയുടെ പ്രസംഗ വേദിയിലേക്ക് ബോംബ് എറിഞ്ഞ ആളെ കണ്ടെത്തിയോ, ടി പിയെ വധിച്ചിട്ട് മാഷാ അളള എന്നെഴുചി വച്ച് കുറ്റം മറ്റൊരാളുടെ മേൽ ചാരാൻ നോക്കിയവരല്ലേ നിങ്ങൾ, ഇതിനൊക്കെ എന്ത് മറുപടിയാണുളളത്-വി ഡി സതീശൻ ചോദിച്ചു.
രാഹുൽഗാന്ധി എംപിയുടെ ഓഫിസിലെ ഗാന്ധിഫോട്ടോ തകർത്ത സംഭവത്തിൽ എസ് എഫ് ഐക്കാർ കുറ്റക്കാരല്ലെന്ന് മുഖ്യമന്ത്രി ആദ്യം തന്നെ പറഞ്ഞു. പിന്നെ എങ്ങനെയാണ് പൊലീസ് മറിച്ചൊരു റിപ്പോർട്ട് നൽകുകയെന്ന് വി ഡി സതീശൻ ചോദിച്ചു. ഞങ്ങൾ ചോദ്യം ചോദിച്ചുകൊണ്ടേയിരിക്കും. നിങ്ങൾക്ക് ഭയപ്പാടാണ്. നിങ്ങളുടെ ഭീതി വെപ്രാളത്തിൽ നിന്നുണ്ടാകുന്നതാണ്. കുറച്ചുനാളായി സർക്കാരിന് തൊട്ടതെല്ലാം പാളിപ്പോകുകയാണ്. അപകടത്തിലേക്ക് പോകുകയാണ്, ശ്രദ്ധിക്കണമെന്നും വി ഡി സതീശൻ പറഞ്ഞു.