കണ്ണൂർ : ബോംബേറ് കോൺഗ്രസ് ശൈലി അല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആക്രമണം കോണഗ്രസോ യു ഡി എഫോ അറിഞ്ഞല്ല. കോൺഗ്രസ് പ്രവർത്തകരോ യു ഡി എഫ് പ്രവർത്തകരോ ഇത് ചെയ്യില്ലെന്നും വി ഡി സതീശൻ പറഞ്ഞു. സർക്കാർ പ്രതിരോധത്തിലായ സമയത്ത് അതിൽ നിന്ന് ശ്രദ്ധ തിരിക്കാനായി നടത്തിയ ആക്രമണമാണിതെന്ന് വി ഡി സതീശൻ ആരോപിച്ചു.
അക്രമം നടന്ന ഉടൻ സ്ഥലം സന്ദർശിച്ച എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ , കോൺഗ്രസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് പറഞ്ഞു. എന്തടിസ്ഥാനത്തിലാണ് ഈ പ്രസ്താവന. എന്ത് തെളിവാണ് ഇപി ജയരാജൻറെ പക്കലുള്ളത്. സി സി ടി വി കാമറയിൽ പോലും വ്യക്തത ഇല്ലെന്നാണ് പറയുന്നത്, അങ്ങനെയെങ്കിൽ അക്രമി കോൺഗ്രസുകാരനാണെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും വി ഡി സതീശൻ ചോദിച്ചു. സർക്കാരിനെ വരിഞ്ഞുമുറുക്കി പ്രതിരോധത്തിലാക്കിയ പ്രതിപക്ഷത്തിന് ബോബേറ് നടത്തി അക്രമം ഉണ്ടാക്കേണ്ട സാഹചര്യം ഇല്ല. പൊലീസ് അന്വേഷണത്തിൽ എല്ലാം തെളിയട്ടെ. സത്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥർ കൃത്യമായി അന്വേഷിച്ച് സത്യം കണ്ടെത്തട്ടെ -പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു
എംപി ഓഫിസ് ആക്രമണത്തിന് പിന്നാലെ കേരളത്തിലെത്തുന്ന രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിൻറെ പ്രാധാന്യം കുറയ്ക്കാൻ സി പി എം തന്നെ ആസൂത്രിതമായി നടത്തിയ ആക്രമണമാണോയെന്ന് സംശയമുണ്ട്. സംസ്ഥാനത്തൊട്ടാകെ പ്രശ്നങ്ങളുണ്ടാക്കി ശ്രദ്ധ തിരിക്കാനാണ് സി പി എം ശ്രമമെന്നും വി ഡി സതീശൻ പറഞ്ഞു. അക്രമം നടന്ന ഉടൻ സി പി എം പ്രസ്താവന വന്നു. അത് നേരത്തെ തയാറാക്കിയ പ്രസ്താവനയാണോ എന്ന് സംശയം ഉണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.