തിരുവനന്തപുരം : അട്ടപ്പാടി മധു കൊല കേസ് സർക്കാർ പൂർണമായും അട്ടിമറിച്ചെന്ന് വി ഡി സതീശൻ ആരോപിച്ചു .നാലാമത്തെ പ്രോസിക്യൂട്ടർ ആണ് നിലവിലുള്ളത്. സാക്ഷികൾ കൂട്ടത്തോടെ കൂറുമാറുന്നു. പ്രതികൾക്ക് സി പി എം ബന്ധമുള്ളതിനാൽ സർക്കാരും പൊലീസും ഒത്തുകളിക്കുകയാണ്. വാളയാർ മോഡൽ ആവർത്തിക്കുമെന്ന് ആശങ്കയുണ്ട് . കേട്ടുകേൾവിയില്ലാത്ത കാര്യങ്ങൾ കേസ് നടത്തിപ്പിൽ ഉണ്ടാകുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു.
സഹകരണ ബാങ്ക് പ്രതിസന്ധിയുടെ കാരണം കേരള ബാങ്ക് രൂപീകരണം ആണെന്ന് വി ഡി സതീശൻ ആരോപിച്ചു . കേരള ബാങ്ക് രൂപീകരിച്ചതോടെ ജില്ലാ ബാങ്കുകളുടെ നിയന്ത്രണം റിസർവ് ബാങ്കിനായി. അല്ലെങ്കിൽ പ്രതിസന്ധി പരിഹരിക്കാൻ ജില്ലാ ബാങ്കുകൾക്ക് കഴിയുമായിരുന്നു. കേരളാ ബാങ്ക് രൂപീകരണത്തിന്റെ ആദ്യ ദുരന്തമാണ് കരുവന്നൂരിൽ സംഭവിച്ചതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. പ്രതിസന്ധി പരിഹരിക്കാൻ സർവ കക്ഷിയോഗം വിളിക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു
മാധ്യമ പ്രവർത്തകനായിരുന്ന കെ എം ബഷീറിനെ വാഹനമിടിച്ച് കൊന്നകേസിലെ പ്രതി ശ്രീറാം വെങ്കട്ടരാമനെ ആലപ്പുഴ കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റാൻ സർക്കാർ വൈകി എടുത്ത തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് വി ഡി സതീശൻ പറഞ്ഞു. പ്രതിഷേധം നിലനിൽക്കുമ്പോൾ ശ്രീറാം വെങ്കിട്ടരാമനെ മജിസ്ട്രേറ്റിന്‍റെ അധികാരം കൂടിയുള്ള ജില്ലാ കളക്ടറായി നിയമിച്ചത് അനുചിതമായിപ്പോയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു
തീവ്രമഴയിലും മണ്ണിടിച്ചിലിലും സർക്കാർ നടപ്പാക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ എന്ന് പ്രതിപക്ഷ നേതവ് വി ഡി സതീശൻ. യു ഡി എഫ് പ്രവർത്തകർ സന്നദ്ധ പ്രവർത്തനത്തിന് ഇറങ്ങും. രക്ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാകും. മുഖ്യമന്ത്രിയെ വിളിച്ച് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.