തിരുവനന്തപുരം: അതീവ ഗുരുതര സാമ്പത്തീക പ്രതിസന്ധിയിലാണ് സംസ്ഥാനമെന്നും അതിനാൽ സർക്കാർ ധവളപത്രം പുറത്തിറക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബഫർസോൺ കൈകാര്യം ചെയ്യുന്ന സർക്കാർ രീതി തെറ്റാണ്. വിഷയം സംസ്ഥാന സർക്കാരിന്റെ കഴിവുകേടിന്റെ പര്യായമാണ്. ഭരണഘടനയെ അധിക്ഷേപിച്ചതിനാണ് സജി ചെറിയാൻ രാജിവെച്ചത്. സ്വയം തീരുമാനിച്ചുള്ള രാജിയായിരുന്നില്ല, മറിച്ച് രാജിവെക്കേണ്ടി വന്നതാണെന്നും വിഡി സതീശൻ പറഞ്ഞു.
സജി ചെറിയാൻ രാജി വെക്കാനിടയായ സാഹചര്യത്തിന് ഇപ്പോൾ എന്ത് മാറ്റമുണ്ടായി? ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. സജി ചെറിയാനെ കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല. വിചാരധാരയിൽ പറഞ്ഞ അതേ കാര്യമാണ് സജി ചെറിയാനും പറഞ്ഞത്. ഗോൾവാക്കറുടെ ആശയം അവതരിപ്പിച്ച സജി ചെറിയാൻ ചെയ്തത് തെറ്റല്ലേ? പിന്നെന്ത് കണ്ടിട്ടാണ് സിപിഎം പറയുന്നത്? ആർഎസ്എസ് ആശയത്തോട് സിപിഎം യോജിക്കുന്നു എന്നല്ലേ അതിനർത്ഥം?
ആർഎസ്എസ് പറഞ്ഞതും സജി ചെറിയാന്റെ പ്രസംഗവും ഒന്നാണ്. എന്തും ചെയ്യാമെന്ന ധിക്കാരമാണ് സിപിഎമ്മിനും സർക്കാരിനും. ഗവർണറെയും മുഖ്യമന്ത്രിയെയും വിശ്വസിക്കാനാവില്ല. പിടിച്ച് വെക്കും എന്ന് പറഞ്ഞ ഗവർണർ എവിടെ? ബിജെപി നേതാക്കൾ മുഖ്യമന്ത്രിക്കും ഗവർണർക്കും ഇടയിലെ പാലമാകുന്നു. എല്ലാ വൃത്തികേടും രണ്ടുപേരും ചേർന്ന് ചെയ്യുകയാണ്. പരസ്പരം ഒരു പോരും ഇല്ല. ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. കോൺഗ്രസ് മുക്ത ഭാരതമാണ് ബിജെപി ലക്ഷ്യം
ബിജെപിയുടെ ആഗ്രഹം സിപിഎം ഇനിയും സംസ്ഥാനത്ത് അധികാരത്തിൽ വരണം എന്ന് തന്നെയാണ്. ഇന്ന് കറുത്ത ദിനമാണ്. ഭരണഘടനയോടുള്ള വെല്ലുവിളിയാണ് സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത്. ഭരണഘടനാ മൂല്യങ്ങളെ സിപിഎം തകർക്കുന്നു. സംഘപരിവാറിന്റെ പാതയിലൂടെ മുഖ്യമന്ത്രി പോകുന്നു. സജി ചെറിയാൻ പറഞ്ഞത് ശരിയാണ് എന്ന നിലപാടിനെ യുഡിഎഫ് തുറന്ന് കാട്ടും. സിപിഎമ്മിന്റെ മതേതരത്വം കാപട്യമാണ്. സർക്കാരും ഗവർണറും തമ്മിൽ ഒരു പോരുമില്ല. രണ്ട് പേരും പോരുണ്ട് എന്ന് വരുത്തിത്തീർക്കുകയാണ്. ചാൻസലർ പദവിയിൽ നിന്ന് സ്വയം പോകാം എന്ന് ഗവർണർ പറഞ്ഞു. അപ്പോൾ അയ്യോ അച്ഛാ പോകല്ലേ എന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്നും വിഡി സതീശൻ പരിഹസിച്ചു.