കൊച്ചി : തൃക്കാക്കര പോളിംഗ് ദിവസം ഇടത് സ്ഥാനാർത്ഥി ജോ ജോസഫിന്റെ വ്യാജ വീഡിയോയുമായി ബന്ധപ്പെട്ട അറസ്റ്റുണ്ടായതും പ്രതിക്ക് യുഡിഎഫ് ബന്ധമെന്ന ആരോപണവും പൊലീസും സിപിഎമ്മും ചേർന്നുള്ള നാടകമെന്ന് വിഡി സതീശൻ. തൃക്കാക്കരയിലെ ഇടത് സ്ഥാനാർത്ഥി ജോ ജോസഫുമായി ബന്ധപ്പെട്ട വ്യാജ നിർമിതിക്ക് പിന്നിൽ സിപിഎം ആണെന്നും പ്രതിപക്ഷ നേതാവ് ആവർത്തിച്ചു. ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചയാളെയാണ് അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. അയാൾ യുഡിഎഫാണെന്ന് എന്തടിസ്ഥാനത്തിലാണ് പൊലീസ് പറഞ്ഞതെന്നും വിഡി സതീശൻ ചോദിച്ചു. അറസ്റ്റിലായ ലത്തീഫിന് യുഡിഎഫുമായോ ലീഗുമായോ ഒരു ബന്ധവും ഇല്ലെന്നും വിഡി സതീശൻ വ്യക്തമാക്കി.
തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരായ വ്യാജവീഡിയോ കേസില്‍ വിശദീകരണവുമായി മുസ്ലീം ലീഗ് നേതൃത്വവും രംഗത്തെത്തി. പിടിയിലായ അബ്ദുള്‍ ലത്തീഫ് ലീഗ് പ്രവര്‍ത്തകനല്ലെന്ന് പ്രാദേശിക നേതൃത്വം വ്യക്തമാക്കി. ലത്തീഫിന് ലീഗുമായി ഒരു ബന്ധവുമില്ലെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം.