തിരുവനന്തപുരം: വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന് പിന്നിലിടിച്ച് വിദ്യാർത്ഥികളടക്കം ഒൻപത് പേർ മരിച്ച സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ്. വലിയ അപകടങ്ങൾ നടക്കുമ്പോൾ മാത്രം പരിശോധന ശക്തമാക്കുന്ന രീതിയിൽ നിന്ന് മോട്ടോർ വാഹന വകുപ്പ് മാറണം. വിനോദയാത്രയുടെ വിശദാംശങ്ങൾ മോട്ടോർ വാഹന വകുപ്പിനെ അറിയിക്കാൻ സ്കൂളുകൾ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ഫെയ്സ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.
അങ്ങേയറ്റം വേദനാജനകമായ വാർത്തയാണ് പുലർച്ചെ കേട്ടത്. സ്കൂൾ വിദ്യാർഥികളുമായി വിനോദ യാത്ര പോയ ടൂറിസ്റ്റ് ബസ് വടക്കഞ്ചേരിയിൽ കെഎസ്ആർടിസി ബസിൽ ഇടിച്ച് 5 കുട്ടികൾ ഉൾപ്പെടെ ഒൻപതു പേർ മരിച്ച സംഭവം അതീവ ദുഃഖകരമാണ്. ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ.
ടൂറിസ്റ്റ് ബസിൻ്റെ അമിത വേഗമാണ് അപകടത്തിന് ഇടയാക്കിയത്. 97.2 കിലോമീറ്റർ ആയിരുന്നു അപകട സമയത്ത് വേഗത. വേഗപ്പൂട്ട് നിർബന്ധമാക്കിയുള്ള നിയമം നിലനിൽക്കെ ‘ഈ ബസിന് എങ്ങനെയാണ് അമിത വേഗമെടുക്കാൻ സാധിച്ചത്? മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധന കൂടുതൽ ശക്തമാക്കണം. വലിയ അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം പരിശോധനകൾ ശക്തമാക്കുന്ന രീതിയിൽ നിന്നും മാറി നിയമം കർശനമായി നടപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ് തയാറാകണം. അപകടം ഉണ്ടാക്കിയ ടൂറിസ്റ്റ് ബസിനെതിരെ നിയമ ലംഘനത്തിന് നേരത്തെയും കേസുകളുണ്ട്. നിരോധിച്ച ലൈറ്റുകളും വലിയ ശബ്ദ വിന്യാസവും എയർ ഹോണുകളുമൊക്കെയായി ടൂറിസ്റ്റ് ബസുകൾ നിരത്തുകളിൽ ചീറി പായുകയാണ്. ഇനിയും ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ടത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിനോദയാത്രകൾ നടക്കുന്ന സീസൺ ആയതിനാൽ ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്നെസ് സംബന്ധിച്ച് കർശന പരിശോധനകൾ നടത്തണം. വിനോദയാത്രയുടെ വിശദാംശങ്ങൾ മോട്ടോർ വാഹന വകുപ്പിനെ അറിയിക്കാൻ സ്കൂളുകളും ശ്രദ്ധിക്കണം.മോട്ടോർ വാഹന വകുപ്പിൻ്റെ എല്ലാ പരിശോധകളും പൂർത്തിയായ വാഹനങ്ങളാണ് വിനോദയാത്രയ്ക്ക് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണം.