കണ്ണൂര്‍: നാനൂറ് സീറ്റുകളിലും വിജയിക്കുമെന്ന് പ്രഖ്യാപിച്ച മോദിയും ബി.ജെ.പിയും എത്രത്തോളം വെപ്രാളത്തിലാണെന്ന് വ്യക്തമാക്കുന്നതാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാളിന്റെ അറസ്റ്റെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വെപ്രാളവും അനിശ്ചിതത്വവുമാണ് ഇന്ത്യ മുന്നണിയുടെ മുന്നേറ്റം സംഘപരിവാര്‍ ക്യാമ്പില്‍ ഉണ്ടാക്കിയിരിക്കുന്നത്. എങ്ങനെയും ഇന്ത്യ മുന്നണിയെ തകര്‍ക്കണമെന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തത്.
പ്രവര്‍ത്തിക്കാന്‍ കഴിയാത്ത തരത്തില്‍ കോണ്‍ഗ്രസിന്റെ ഫണ്ട് മരവിപ്പിച്ച് കൈയും കാലും കെട്ടിയിടാന്‍ ശ്രമിക്കുകയാണ്. മറുവശത്ത് കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്ത് ബോണ്ട് വഴി കോടികളാണ് അഴിമതിയിലൂടെ ബി.ജെ.പി പിരിച്ചെടുത്തത്. ജനാധിപത്യ രാജ്യത്ത് ഏകാധിപത്യ ഫാഷിസ്റ്റ് ഭരണകൂടം അവസാനഘട്ടത്തില്‍ എന്നതുപോലെ അഴിഞ്ഞാടുകയാണ്. അരവിന്ദ് കെജരിവാളിനെ ജയിലിലാക്കാനുള്ള ശ്രമത്തിനെതിരെ യു.ഡി.എഫ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് യു.ഡി.എഫിന്റെ പ്രതിഷേധ സംഗമം 27 ന് കോഴിക്കോട് നടക്കും.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ അറസ്റ്റു ചെയ്യുന്ന കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ വരുമ്പോള്‍ നിശബ്ദമാകുന്നു. സ്വര്‍ണക്കള്ളക്കടത്തും ലൈഫ് മിഷനും കരുവന്നൂരും മാസപ്പടിയുമൊക്കെ എവിടെ പോയി? കേരളത്തിലെ സി.പി.എം നേതൃത്വവും പിണറായി വിജയനും സംഘപരിവാര്‍ നേതൃത്വവും തമ്മിലുള്ള അവിഹിത ബാന്ധവത്തിന്റെ ഫലമായാണ് ഈ മൃദുസമീപനം കാട്ടുന്നത്. കോണ്‍ഗ്രസ്മുക്ത ഭാരതത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ബി.ജെ.പി കേരളത്തില്‍ പിണറായി വിജയനെ പിന്തുണക്കുകയാണ്.
സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും ബി.ജെ.പി കേന്ദ്ര മന്ത്രിയും തമ്മിലുള്ള ബിസിനസ് പാര്‍ട്ണര്‍ഷിപ്പ് ചോദ്യം ചെയ്യാത്തതിന് കാരണവും ഇതുതന്നെയാണ്. ബി.ജെ.പിയെ ഭയന്നും പേടിച്ചുമാണ് കേരളത്തിലെ ഭരണകൂടം നിലകൊള്ളുന്നത്. സി.പി.എം മുന്‍ എം.എല്‍.എ ഡല്‍ഹിയില്‍ ബി.ജെ.പി നേതാവിനെ സന്ദര്‍ശിച്ച്, വാര്‍ത്ത കൊടുത്തിട്ടും സൗഹൃദ സന്ദര്‍ശനമെന്ന് വിശദീകരിക്കുന്ന അവസ്ഥയില്‍ സി.പി.എം എത്തിയിരിക്കുകയാണ്. സീതാറാം യെച്ചൂരിയെയോ പ്രകാശ് കാരാട്ടിനെയോ ബൃന്ദാ കാരാട്ടിനെയോ കാണാനല്ല രാജേന്ദ്രന്‍ ഡല്‍ഹിയില്‍ പോയത്.
എ.കെ.ജി ഭവനിലേക്കും പോകാതെ കേരളത്തിലെ ബി.ജെ.പി ചുമതലയുള്ള പ്രകാശ് ജാവദേദ്ക്കറുടെ വീട്ടിലേക്കാണ് രാജേന്ദ്രന്‍ പോയത്. അതിലൊന്നും സി.പി.എമ്മിന് ഒരു കുഴപ്പവുമില്ല. പാര്‍ലമെന്റിലെ ക്യാന്റീനില്‍ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് കാപ്പി കുടിക്കാന്‍ പോയ എന്‍.കെ പ്രേമചന്ദ്രനെ സംഘിയാക്കാന്‍ പരിശ്രമിച്ച സി.പി.എം നേതാക്കള്‍ അവരുടെ നാവ് ഇപ്പോള്‍ ഉപ്പിലിട്ട് വച്ചിരിക്കുകയാണോ? രാജേന്ദ്രന്‍ പ്രകാശ് ജാവദേദ്ക്കറുടെ വീട്ടില്‍ പോയിട്ടും കേരളത്തിലെ സി.പി.എം നേതാക്കള്‍ക്ക് അനക്കവുമില്ല.
കര്‍ണാടകത്തില്‍ ദേവഗൗഡയുടെ ജനതാദള്‍ എസ് ബി.ജെ.പിയുടെ എന്‍.ഡി.എയില്‍ അംഗമായിട്ടും കേരളത്തില്‍ അവര്‍ എല്‍.ഡി.എഫിലാണ്. എന്‍.ഡി.എയില്‍ അംഗമായ ജനതാദള്‍ എസ്സിനെ എല്‍.ഡി.എഫില്‍ നിന്ന് പുറത്താക്കാനും മന്ത്രി കൃഷ്ണന്‍കുട്ടിയോട് രാജി ആവശ്യപ്പെടാനുമുള്ള ധൈര്യം മുഖ്യമന്ത്രി പിണറായി വിജയനുണ്ടോയെന്ന് വെല്ലുവിളിക്കുന്നു. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് എന്‍.ഡി.എ ഘടകകക്ഷിയെ കേരളത്തിലെ എല്‍.ഡി.എഫില്‍ നിലനിര്‍ത്തുന്നത്. അയല്‍ സംസ്ഥാനത്ത് ബി.ജെ.പിക്കൊപ്പം മത്സരിക്കുന്ന പാര്‍ട്ടിയെ എല്‍.ഡി.എഫില്‍ നിലനിര്‍ത്തുന്നവരാണ് ഇവിടെ വര്‍ഗീയതയ്‌ക്കെതിരെ പ്രസംഗിക്കുന്നത്. ബി.ജെ.പിയെ സി.പി.എം എത്രത്തോളം ഭയപ്പെടുന്നു എന്നതിന്റെ ഉദാഹരങ്ങളാണിതെന്നും വി.ഡി സതീശൻ പറഞ്ഞു.