കൊച്ചി : തൃക്കാക്കരയിലെ മിന്നും വിജയത്തിന് പിന്നാലെ യുഡിഎഫിനെ നയിച്ച പ്രതിപക്ഷനേതാവ് വിഡി സതീശന് അഭിനന്ദന പ്രവാഹം. യുവ നേതാക്കളും അണികളും ഒരു പോലെ സതീശന്റെ പ്രവർത്തന മികവിനെ പുകഴ്ത്തുകയാണ്. ഹൈബി ഈഡൻ എംപി, മുൻ എംഎൽഎ അനിൽ അക്കരെ അടക്കമുള്ള നേതാക്കൾ വിഡി സതീശനെ പ്രശംസിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചു. കാൽ ലക്ഷത്തിന്റെ മികച്ച ഭൂരിപക്ഷത്തിലേക്ക് ഉമാ തോമസ് എത്തിയതോടെ പ്രതിപക്ഷ നേതാവി്നറെ ഗ്രാഫ് പാര്‍ട്ടിയിൽ ഉയരുകയാണ്. തൃക്കാക്കര വിജയത്തിന് പിന്നാലെ വിഡി സതീശനൊപ്പം നടന്നു നീങ്ങുന്ന ചിത്രം ‘ക്യാപ്റ്റൻ (ഒറിജിനൽ) ‘എന്ന അടിക്കുറിപ്പിൽ ഹൈബി ഈഡൻ പങ്കുവെച്ചതുംസമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിട്ടുണ്ട്. നേതാക്കൾ ഏറെയുള്ള പാർട്ടിക്കുളളിൽ കാപ്റ്റൻ ആര് എന്നതിലെ ചർച്ചയും ഇതോടെ വീണ്ടും ഉയർന്ന് വന്നു.
എന്നാൽ അഭിനന്ദന പ്രവാഹങ്ങൾക്കിടയിലും മുന്നിലെ വെല്ലുവിളികളെയും പാർട്ടിക്കുള്ളിലെ പടലപ്പിണക്കളും സതീശൻ മറന്നിട്ടില്ല. “ക്യാപ്റ്റൻ” പരാമർശത്തിലെ അപകടം മുൻകൂട്ടിക്കണ്ടാണ് സതീശന്റെ പ്രതികരണം. താൻ ക്യാപ്റ്റൻ അല്ല, പട നയിക്കുന്നവരിൽ മുൻ നിരയിലുള്ള ഒരാൾ മാത്രമാണെന്നാണ് ക്യാപ്റ്റൻ പരാമർശത്തോട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണം. കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമാണ് തൃക്കാക്കരയിലെ വിജയമെന്നും ഏകോപനം നടത്തുകയെന്ന കാര്യം മാത്രമാണ് ഞാൻ ചെയ്തെന്നും സതീശൻ പറയുന്നു.
‘മുന്നിൽ നിന്നും നയിക്കുന്ന പടയാളികളൊരാളാണ് ഞാൻ. പിന്നിലേക്ക് പോകില്ല. പിറകിൽ നിന്ന് വെടിയേറ്റ് മരിക്കുകയുമില്ല’. പോർക്കളത്തിൽ നിന്ന് പിന്തിരിഞ്ഞോടുന്ന ഭീരുക്കൾക്കാണ് പിറകിൽ നിന്നും വെടിയേൽക്കുന്നതെന്നും സതീശൻ പറഞ്ഞു. തൃക്കാക്കരയിൽ സിപിഎമ്മിന്‍റെ അടക്കം എല്ലാവരുടെ വോട്ടും യുഡിഎഫിന് ലഭിച്ചതായും വി ഡി സതീശൻ അവകാശപ്പെട്ടു. കെ വി തോമസിനെ വംശീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും പ്രതിപക്ഷനേതാവ് വിശദീകരിക്കുന്നു.