കണ്ണൂർ : വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്ക് എതിരായ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിൽ കോൺഗ്രസ് (congress)പറഞ്ഞത് ശരിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചത് പോലും കോൺഗ്രസ് പറഞ്ഞത് ശരിയെന്ന് വ്യക്തമായതുകൊണ്ടാണ്. പ്രതിഷേധിച്ചവർക്ക് മുഖ്യമന്ത്രിയോട് വ്യക്തി വിരോധം ഇല്ലെന്ന് കോടതി നിരീക്ഷിച്ചുവെന്നും ഇത് തന്നെയാണ് കോൺഗ്രസും പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
വിമാനത്തിനുള്ളിലെ യൂത്ത് കോൺഗ്രസിൻറെ പ്രതിഷേധത്തെ തുടർന്ന് കേരളത്തിൽ കലാപാഹ്വാനം നടത്തിയത് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനും മുഖ്യമന്ത്രിയുടെ ഓഫീസും ആണെന്ന് വി ഡി സതീശൻ പറഞ്ഞു. സി പി എമ്മുകാരെ പ്രകോപിപ്പിച്ച് ആക്രമണത്തിന് ആഹ്വാനം നൽകി.കേരളത്തിൽ ഇതിൻറെ പേരിലുള്ള എല്ലാ പ്രശ്നങ്ങൾക്കും കാരണം ഈ കലാപ ആഹ്വാനം ആയിരുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു. ഇടതുപക്ഷത്തിൻറെ ഈ നീക്കത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ട്. അതിൻറെ ഭാഗമായാണ് ഇ പി ജയരാജൻ മൊഴി മാറ്റിയത്. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആദ്യം നടത്തിയ പ്രസംഗത്തിൽ ഉറച്ച് നിന്നില്ല. പാർട്ടിയുടെ തലപ്പത്ത് ഗുണ്ടകളാണോ? കൊല്ലുമെന്നും ആക്രമിക്കുമെന്നും ഭീഷണിപ്പെടുത്തുന്നു.ഞങ്ങൾ തമിഴ്നാട്ടിലേക്ക് പോകണോയെന്നും വി ഡി സതീശൻ ചോദിച്ചു.
അന്വേഷണ സംഘത്തിൻറെ തലവനായി എം പി ജയരാജനെ നിയമിച്ചോയെന്നും വി ഡി സതീശൻ ചോദിച്ചു.ഇക്കാര്യമൊക്കെ അന്വേഷിക്കാൻ ജയരാജൻ ആരാണ്? അന്വേഷണം നടക്കട്ടെ.പ്രതിഷേധം പ്രതിഷേധം എന്ന് മാത്രമാണ് ഞങ്ങളുടെ കുട്ടികൾ പറഞ്ഞത്.
ചെറുപ്പക്കാർ അവരുടെ പ്രതിഷേധം പ്രകടിപ്പിക്കുകയാണ് ചെയ്തതെന്നും വി ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിയിൽ തടയാൻ ആദ്യമായി തീരുമാനമെടുത്തത് സി പി എം ആണ്. ബസ് കത്തിക്കാം, ട്രെയിൻ ആക്രമിക്കാം, ഫ്ലൈറ്റിൽ പ്രതിഷേധം പാടില്ല എന്നാണ് സി പി എം നിലപാടെന്നും വി ഡി സതീശൻ പരിഹസിച്ചു,