തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് പ്രതിപക്ഷം നോട്ടീസ് നൽകി. സ്വർണ്ണക്കടത്തും വീണാ വിജയൻ ഉൾപ്പെട്ട പിഡബ്ള്യുസി വിവാദവും കടുപ്പിക്കാനാണ് തീരുമാനം. യുഎഇ യാത്രക്കിടെ ബാഗേജ് മറന്നില്ലെന്ന് പറഞ്ഞതും പിഡബ്ള്യുസി ഡയറക്ടർ ജെയിക് ബാലകുമാർ മെൻററാണെന്ന് വീണ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ കള്ളം പറഞ്ഞെന്നാണ് പ്രതിപക്ഷ വാദം. ക്ലിഫ് ഹൗസിൽ രഹസ്യചർച്ചകൾക്ക് പോയെന്ന് സ്വപ്ന സുരേഷിൻറെ ആരോപണത്തെ കുറിച്ച് അന്വേഷിക്കണമെന്നും സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
മെൻറർ വിവാദത്തിൽ ആരാണ് പച്ചക്കള്ളം പറഞ്ഞതെന്ന ചർച്ച മുറുകുമ്പോഴാണ് മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷനീക്കം. ജെയിക് ബാലകുമാർ മെൻററാണെന്ന് വീണ വിജയന്‍റെ സ്ഥാപനമായ എക്സാലോജികിൻറെ വെബ് സൈറ്റിൽ നേരത്തെ ഉണ്ടായിരുന്ന വിവരം മാത്യു കുഴൽനാടൻ പുറത്തുവിട്ടതോടെ മുഖ്യമന്ത്രി സഭയിൽ പറഞ്ഞത് കള്ളമാണെന്നാണ് പ്രതിപക്ഷ വാദം. ഇതിനൊപ്പം യുഎഇ സന്ദർശനത്തിനിടെ ബാഗേജ് നഷ്ടപ്പെട്ടിട്ടില്ലെന്ന് നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയും കള്ളമാണെന്ന് കാണിച്ചാണ് അവകാശലംഘന നോട്ടീസ്. മുഖ്യമന്ത്രിയുടെ സന്ദർശനത്തിനിടെ വിട്ടുപോയ ഉപഹാരങ്ങൾ അടങ്ങിയ ബാഗേജ് കോൺസുൽ ജനറലിൻറെ സഹായത്തോടെ എത്തിച്ചെന്ന് എം ശിവശങ്കർ കസ്റ്റംസിന് നൽകിയ മൊഴിയാണ് പ്രതിപക്ഷം ആയുധമാക്കുന്നത്.
എക്സാലോജിക് സൈറ്റിൽ നിന്നും എ ന്തിനാണ് ജെയികിനെ കുറിച്ചുള്ള വിവരങ്ങൾ മാറ്റിയതെന്ന ചോദ്യത്തിൻറെ വീഡിയോ ഫേസ് ബുക്കിൽ പങ്ക് വെച്ച് മറുപടി പറയാൻ കുഴൽനാടൻ മുഖ്യമന്ത്രിയോട് വീണ്ടും ആവശ്യപ്പെട്ടു.മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ സ്വപ്നയുടെ പുതിയ ആരോപണങ്ങൾ ഏറ്റെടുത്ത് സമഗ്ര അന്വേഷണം പ്രതിപക്ഷം ആവശ്യപ്പെടുന്നു.സ്പ്രിംങ്കളിറില്‍ ഡാറ്റാ കടത്തിയെന്ന പ്രതിപക്ഷ ആരോപണം ശരിയാണെന്ന് തെളിഞ്ഞുവെന്നാണ് പ്രതിപക്ഷനിലപാട്. ദേശീയ അന്വേഷണ ഏജൻ്സികൾ ഒത്ത് കളിക്കുമെന്നതിനാൽ കോടതി മേൽനോട്ടത്തിലെ അന്വേഷണമാണ് ആവശ്യം. മെൻറർ വിവാദത്തിൽ കുഴൽനാടൻറെ മറുപടിയോടും സ്വപ്നയുടെ പുതിയ ആരോപണത്തോടും മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. സ്വർണ്മക്കടക്കത്തിലെ അടിയന്തിര പ്രമേയ ചർച്ചയോടെ സ്വർണ്ണക്കടത്ത് വിവാദങ്ങൾക്ക് തിരശ്ശീലയിടാനായെന്ന് ഭരണപക്ഷം കരുതുമ്പോഴാണ് പുതിയ ആരോപണങ്ങൾ വീണ്ടും സർക്കാറിനെയും മുഖ്യമന്ത്രിയെയും സമ്മർദ്ദത്തിലാക്കുന്നത്.