തിരുവനന്തപുരം : എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്ക് എതിരായ കേസിലും ലൈംഗിക പീഡന പരാതിയിലും കോൺഗ്രസ് നേതൃത്വം ഉചിതമായ നടപടി എടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പൊലീസ് കേസ് വന്നതോടെ ഗൗരവ സാഹചര്യം ഉണ്ടായിരിക്കുകയാണ്. സ്ത്രീകൾക്കെതിരായ അതിക്രമം കോൺഗ്രസ് ന്യായീകരിക്കില്ല. എൽദോസിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട് . എൽദോസിന്റെ ഭാഗം കേൾക്കേണ്ടത് സ്വാഭാവിക നീതിയാണെന്നും വി ഡി സതീശൻ പറഞ്ഞു.
പീഡനക്കേസില്‍ ആരോപണവിധേയനായ എല്‍ദോസ് കുന്നപ്പിള്ളിയോട് പാര്‍ട്ടി വിശദീകരണം തേടിയിട്ടുണ്ടെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞിരുന്നു .കേസിനെ ആസ്പദമാക്കി നടപടി സ്വീകരിക്കും.തെറ്റുകാരൻ എന്ന് കണ്ടെത്തിയാൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.
എൽദോസ് കുന്നപ്പിള്ളിൽ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് തിരുവനന്തപുരത്തെ സ്‍കൂള്‍ അധ്യാപികയായ ആലുവ സ്വദേശിനി മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ പറയുന്നത്. മർദിച്ചു വന്ന് വീട്ടിൽ വച്ചും പൊതു സ്ഥലത്ത് വച്ചും മർദിക്കുകയാണെന്ന് കാട്ടി യുവതി കോവളം പൊലീസിന് പരാതിയും നൽകിയിട്ടുണ്ട്. കേസ് തീർപ്പാക്കാൻ പണം വാഗ്ദാനം ചെയ്തെന്നും കോവളം പൊലീസ് കേസെടുക്കാതെ ഒത്തുതീർപ്പിന് ശ്രമിച്ചെന്നും യുവതി മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ ആരോപിക്കുന്നു. എംഎൽഎക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ ആണ് പൊലീസ് കേസെടുത്തിരിക്കുന്നത്.