തിരുവനന്തപുരം: വിഴിഞ്ഞം പോർട്ടിനെതിരായ പ്രദേശവാസികളുടെ സമരത്തിനെതിരെ നടത്തിയ പ്രതിഷേധ യോഗത്തിൽ സി പി എം – ബി ജെ പി നേതാക്കൾ വേദി പങ്കിട്ടതിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. കേരളത്തിലും ബി ജെ പി – സി പി എം സഖ്യത്തിന് തുടക്കമായെന്നാണ് മനസിലാകുന്നതെന്നും വിഴിഞ്ഞം സമരത്തെ വര്‍ഗീയവത്ക്കരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും സതീശൻ കുറ്റപ്പെടുത്തി. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് സി പി എമ്മും ബി ജെ പിയും സംയുക്തമായി അദാനിക്ക് വേണ്ടി വിചിത്രമായ കൂട്ടായ്മ ഉണ്ടാക്കിയിരിക്കുകയാണ്. അദാനിയെ സംരക്ഷിക്കുന്നതിനും അദാനി പറയുന്ന കാര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും വേണ്ടിയാണിതെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
വിഴിഞ്ഞം സമരത്തെ വര്‍ഗീയവത്ക്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒരു സമരത്തെ സര്‍ക്കാര്‍ ഇങ്ങനെയല്ല സമീപിക്കേണ്ടത്. മുഖ്യമന്ത്രി സമരസമിതിയുമായി ചര്‍ച്ച് ചെയ്ത് വിഷയം പരിഹരിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ അദാനിയുടെ മെഗാഫോണായി സര്‍ക്കാര്‍ മാറിയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അദാനിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ മുന്നില്‍ നില്‍ക്കുന്നത്. അതിനു വേണ്ടി ബി ജെ പിയെ കൂടി കൂട്ടുപിടിച്ചിരിക്കുകയാണ്. ബംഗാളില്‍ ബി ജെ പിയുമായി സി പി എം ഉണ്ടാക്കിയിരിക്കുന്ന സഖ്യത്തിന്‍റെ ഭാഗമായാണോ ഇതെന്ന് അറിയില്ല. കേരളത്തിലും ബി ജെ പി – സി പി എം സഖ്യത്തിന്‍റെ തുടക്കമാണെന്നെ ഇന്നലെ നടത്തിയ സമരത്തെ കാണാനാകൂ എന്നും വി ഡി സതീശൻ അഭിപ്രായപ്പെട്ടു.