തിരുവനന്തപുരം:സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ പ്രതിപക്ഷം എതിര്‍ക്കുമെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. സർവ്വകലാശാലകളെ രാഷ്ട്രീയ വത്കരിക്കാനാണ് നീക്കം.സര്‍ക്കാരും മുഖ്യമന്ത്രിയും ഒന്നിച്ച് ചെയ്ത തെറ്റിനുള്ള പരിഹാരമല്ല ചാന്‍സലറെ മാറ്റല്‍. ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റിയാല്‍ ഇപ്പോള്‍ പിന്‍വാതിലിലൂടെ ബന്ധുക്കളെയും പാര്‍ട്ടി നേതാക്കളെയും നിയമിച്ചതു പോലെ സി.പി.എം എ.കെ.ജി സെന്ററില്‍ ഇരുന്ന് വൈസ് ചാന്‍സിലര്‍മാരെ നിയമിക്കുന്ന സ്ഥിതിയുണ്ടാകും. ബംഗാളില്‍ ചെയ്തത് പോലെ കമ്മ്യൂണിസ്റ്റ് പശ്ചാത്തലമുള്ളവരെ വി.സിമാരാക്കി ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. ഗവര്‍ണര്‍ സംഘപരിവാറുകാരെ വി.സിമാരായി നിയമിക്കുമെന്ന ഭയം പോലെ സര്‍ക്കാരും കമ്മ്യൂണിസ്റ്റുകാരെ തിരുകിക്കയറ്റുമോയെന്ന ഭയം പ്രതിപക്ഷത്തിനുണ്ട്. ചാന്‍സലറെ മാറ്റേണ്ട ഒരു സാഹചര്യവും ഇവിടെയില്ല. സുപ്രീം കോടതി വിധിയെ മറികടക്കാനാണ് ധൃതിപ്പെട്ട് ഓര്‍ഡിനന്‍സ് ഇറക്കിയിരിക്കുന്നത്. അതിനെ പ്രതിപക്ഷം ശക്തമായി എതിര്‍ക്കും.
ചാന്‍സലര്‍ പദവിയില്‍ നിന്ന് മാറി നില്‍ക്കാമെന്ന് പറഞ്ഞ് ഗവര്‍ണര്‍ മൂന്ന് തവണ സര്‍ക്കാരിന് കത്തെഴുതി. അപ്പോഴൊക്കെ അയ്യോ സാറേ പോകല്ലേയെന്ന് പറഞ്ഞ് മുഖ്യമന്ത്രി മറുപടി കത്തെഴുതി. ഞാന്‍ പറയുന്നത് പോലെ കത്ത് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ നാലാമതും കത്തയച്ചു. ഇതനുസരിച്ച് ഗവര്‍ണര്‍ പറഞ്ഞത് പോലെ സര്‍വകലാശാലാ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും അങ്ങ് ചാന്‍സലറായി തുടരണമെന്നും പറഞ്ഞ് മറുപടിക്കത്ത് എഴുതി. മുഖ്യമന്ത്രിയുടെ നാലാമത്തെ കത്ത് കണ്ടാല്‍ അപമാനഭാരത്താല്‍ തല കുനിക്കേണ്ടി വരും. എങ്ങനെ കത്ത് നല്‍കണമെന്ന് ഗവര്‍ണര്‍ തന്നെ പഠിപ്പിച്ച് കൊടുത്തിരിക്കുകയാണ്. എന്നിട്ടെന്തിനാണ് സര്‍വകലാശാലാ ഭേദഗതി നിയമം നിയമസഭയില്‍ കൊണ്ടുവന്നത്? ഇപ്പോള്‍ ചാന്‍സലറെ മാറ്റാന്‍ തീരുമാനിച്ചത്? ഗവര്‍ണറും സര്‍ക്കാരും കൂടിയാണ് എല്ലാ നിയനങ്ങളും നടത്തിയത്. സുപ്രീം കോടതിയില്‍ തോറ്റത് ഗവര്‍ണറും സര്‍ക്കാരുമാണ്. പ്രതിപക്ഷം ഉന്നയിച്ച അതേ കാര്യങ്ങളാണ് സുപ്രീം കോടതിയും വ്യക്തമാക്കിയത്. ഗവര്‍ണര്‍ക്ക് നാല് കത്തുകളെഴുതിയ മുഖ്യമന്ത്രിയാണ് പ്രതിപക്ഷത്തെ സംഘപരിവാര്‍ വിരുദ്ധത പഠിപ്പിക്കാന്‍ വരുന്നത്.
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. ഇതിനായി ഓര്‍ഡിനന്‍സ് പുറത്തിറക്കും. പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാനും തീരുമാനമായി. ഗവർണ്ണർക്ക് പകരം വിദ്യാഭ്യാസ രംഗത്തെ വിദഗ്ദരെ ചാൻസലര്‍മാരാക്കാനാണ് നീക്കം.