തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് പരിഷ്കരണങ്ങൾ നടപ്പാക്കുന്നതിന് മുൻപ് സിപിഎം കൂത്തുപറമ്പ് രക്തസാക്ഷികളോടും കേരള സമൂഹത്തോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്വകാര്യ, കല്‍പിത സര്‍വകലാശാലകള്‍ അനുവദിക്കാനും പരമാവധി മേഖലകളില്‍ വിദേശ നിക്ഷേപം സ്വീകരിക്കാനുമുള്ള തീരുമാനം നടപ്പാക്കുന്നതിന് മുന്‍പ് സിപിഎം പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തിലെത്തിയ എഡിബി ഉദ്യോഗസ്ഥരുടെ മേല്‍ കരി ഓയില്‍ ഒഴിച്ചവരാണ് സിപിഎം. സ്വകാര്യ മേഖലയില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ എസ് എഫ് ഐക്കാരെ വിട്ട് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനായിരുന്ന ടിപി ശ്രീനിവാസന്റെ കരണത്തടിപ്പിച്ചതും സിപിഎമ്മാണെന്ന് വിഡി സതീശൻ വിമർശിച്ചു.
അന്ന് ടിപി ശ്രീനിവാസന്റെ കരണത്തടിച്ച് അപമാനിച്ചവര്‍ ഇപ്പോള്‍ തെറ്റ് തിരുത്താന്‍ തയാറായിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ തെറ്റ് തിരുത്തുമ്പോള്‍ പഴയകാല ചെയ്തികള്‍ക്ക് കൂടി മാപ്പ് പറയണം. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരായ സമരത്തിന്റെ ഭാഗമായി മന്ത്രിയായിരുന്ന എംവി രാഘവനെ കണ്ണൂരില്‍ തടയുകയും കലാപ സമാനമായ അന്തരീക്ഷം സൃഷ്ടിച്ച് പൊലീസ് വെടിവയ്പ്പിലേക്ക് എത്തിച്ചതും സിപിഎമ്മാണ്. സ്വാശ്രയ സമരത്തെക്കൂടി സിപിഎം ഇപ്പോള്‍ തള്ളപ്പറയുകയാണ്. അതുകൊണ്ടു തന്നെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കുടുംബത്തോടും പൊതുസമൂഹത്തോടും മാപ്പ് ചോദിക്കാനുള്ള ബാധ്യത പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ക്കുണ്ട്.
സ്വകാര്യ കല്‍പിത സര്‍വകലാശാലകള്‍ വേണമെന്ന നിലപാട് തന്നെയാണ് അന്നും ഇന്നും യുഡിഎഫ് സ്വീകരിച്ചിട്ടുള്ളത്. സിപിഎം മുന്‍ നിലപാടില്‍ നിന്നും ഇപ്പോള്‍ പിന്നാക്കം പോയതിനെ സ്വാഗതം ചെയ്യുന്നു. വൈകി മാത്രമേ സിപിഎമ്മിന് വിവേകം ഉദിക്കൂവെന്നതിന്റെ അവസാന ഉദാഹരണമാണിതെന്നും വിഡി സതീശൻ പറഞ്ഞു.












