തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക അവസ്ഥ പാളം തെറ്റുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രത്യക്ഷമായി 3000 കോടിയുടെയും പരോക്ഷമായി 1000 കോടിയുമാണ് സർക്കാർ നികുതി ഏർപ്പെടുത്തിയത്. 350% മാണ് വെളളത്തിന് കരം കൂട്ടിയത്. നിന്നാലും ഇരുന്നാലും കിഴക്കോട്ടും വടക്കോട്ടും നോക്കിയാൽ വൈകാതെ നികുതി കേരളത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
അങ്ങനെ ഗവേഷണം നടത്തുകയാണ് സർക്കാർ. കേരളത്തിൽ രണ്ട് ശതമാനം മാത്രമാണ് നികുതി പിരിവ്. 20,000 കോടി കുടിശിക പിരിക്കാനുണ്ട്. ഈ നികുതി പിരിക്കാൻ ധനമന്ത്രിക്ക് ചങ്കൂറ്റമുണ്ടോയെന്ന് ചോദിച്ച വിഡി സതീശൻ ദില്ലിയിൽ കേരളത്തിന്റെ സ്പെഷൽ ഓഫീസറായ മുൻ കേന്ദ്രമന്ത്രി പ്രൊഫ കെവി തോമസിനെ രൂക്ഷമായി പരിഹസിച്ചു. പണ്ട് അവരെയറിയാം ഇവരെയറിയാം എന്ന് പറഞ്ഞ് നമ്മുടെ നേതാക്കളെ പറ്റിച്ചയാളാണ് കെവി തോമസ് എന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ മോദിയെ അറിയാം അമിത് ഷായെ അറിയാമെന്ന് പറഞ്ഞ് പിണറായിയെ പറ്റിക്കുകയാണ്. അങ്ങനെ ദില്ലിയിൽ പോയി സർക്കാർ ഖജനാവിൽ നിന്നും ധൂർത്തടിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
നികുതി ഈടാക്കൽ മനുഷ്യന്റെ അവസ്ഥ പരിഗണിച്ചാകണമെന്ന് ഇന്ന് നിയമസഭയിൽ അടിയന്തിര പ്രമേയ നോട്ടീസിന് മേലുള്ള ചർച്ചയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞിരുന്നു. സാമ്പത്തിക മാന്ദ്യ സ്ഥിതിയാണ് കേരളത്തിൽ. എല്ലാ വീട്ടിലേക്കും ജപ്തി നോട്ടീസ് വരുന്ന സ്ഥിതി. കടക്കെണിയിലാണ് സംസ്ഥാനം. രൂക്ഷമായ വിലക്കയറ്റം ജനം നേരിടുന്നു. 4 അംഗങ്ങൾ ഉള്ള കുടുംബത്തിന് 4000 രൂപ വരെ ഒരു മാസം അധികം വേണ്ട സാഹചര്യമാണ്. എന്നാൽ വരുമാനം കൂടുന്നുമില്ല.
നിങ്ങൾ ഇത് സാധാരണക്കാരുടെ കഷ്ടപ്പാട് കണക്കാക്കാതെ ഒറ്റ അടിക്ക് എല്ലാം കൂട്ടുന്നു. ബജറ്റിന് പിന്നാലെ വെള്ളക്കരം സഭ അറിയാതെ കൂട്ടിയത് ശരി അല്ല. സഭായോടുള്ള അനാദരവാണിത്. ഇന്ധന സെസ് കൂട്ടിയതിനു പിന്നാലെ എന്ത് ധൈര്യത്തിൽ ആണ് വെള്ളക്കരം കൂട്ടിയത്? വൈദ്യുതി ബോർഡ് ലാഭത്തിൽ എന്ന് പറയുമ്പോൾ ആണ് നിരക്ക് കൂട്ടിയത്. 142 രൂപ ബില്ല് കൊടുത്തിരുന്ന ആൾ 442 രൂപ കൊടുക്കേണ്ട സ്ഥിതിയാണ്. ഒറ്റയടിക്ക് 300 രൂപ കൂട്ടിയിരിക്കുകയാണ്. പ്രയാസപ്പെടുന്ന ആളുകളുടെ കരണത്ത് മാറി മാറി അടിക്കുകയാണ് സർക്കാർ. കുടിശ്ശിക പിരിക്കുന്നതിൽ പരാജയപ്പെട്ടു. ആ ഭാരം ജനങ്ങൾക്ക് മേൽ വെച്ചു. 45% ആണ് വെള്ളത്തിന്റെ വിതരണ നഷ്ടം. റോഷി അഗസ്റ്റിൻ മാറി. എനിക്ക് അറിയാവുന്ന ഒരു റോഷി അഗസ്റ്റിൻ ഉണ്ടായിരുന്നു. ഒന്നുകിൽ അപ്പുറത്തു പോയത് കൊണ്ട് മാറി അല്ലെങ്കിൽ മന്ത്രി ആയപ്പോൾ മാറി. ജനങ്ങളെ ശത്രുക്കളെ പോലെയാണ് സർക്കാർ കാണുന്നത്.