തിരുവനന്തപുരം: മുതലപ്പൊഴിയില്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രിമാര്‍ക്കെതിരായ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിന്‍റെ പേരില്‍ ഫാ.യൂജിന്‍ പേരേരയ്ക്കെതിരെ കേസെടുത്ത നടപടിയില്‍ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് രംഗത്ത്.തീരദേശ ജനങ്ങളോടുള്ള വെല്ലുവിളിയാണിത്. മന്ത്രിമാരാണ് പ്രകോപനം ഉണ്ടാക്കിയത്.മുതലപ്പൊഴി പ്രശ്നം പരിഹരിക്കുമെന്ന് നിയമസഭയില്‍ ഉറപ്പ് നല്‍കിയ സർക്കാർ ഇതുവരെ ചെറുവിരൽ അനക്കിയില്ല.സർക്കാർ തീര പ്രദേശക്കാരെ ശത്രുക്കളായി കാണുന്നു.യുജിൻ പെരേരയ്ക്കെതിരായ കേസ് അടിയന്തരമായി പിൻവലിക്കണം.അതിജീവന സമരത്തെയാണ് സർക്കാർ തള്ളിപ്പറയുന്നത്.വൈകാരികമായി പ്രതികരിക്കുന്നവരാണ് തീരദേശത്തുള്ളവർ.സാന്ത്വനത്തിന്‍റെ വാക്കായിരുന്നു മന്ത്രിമാർ പറയേണ്ടിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ലത്തീൻ അതിരൂപത വികാരി ജനറൽ യുജിന്‍ പെരേരക്കും മുതലപ്പൊഴി അപകടത്തിൽ റോഡ് ഉപരോധിച്ച മത്സ്യതൊഴിലാളികൾക്കും എതിരെ കേസ് എടുത്തതിൽ സഭയിലും തീരദേശത്തും വ്യാപക പ്രതിഷേധം.സ്ഥലത്ത് എത്തിയ മന്ത്രിമാരെ പ്രതിഷേധാക്കാർ തടഞ്ഞപ്പോൾ ഷോ കാണിക്കരുത് എന്ന് പറഞ്ഞ മന്ത്രിമാർ ആണ് പ്രശ്‍നം വഷളാക്കിയത് എന്നാണ് സഭയുടെ പരാതി.എന്നിട്ടും ഏകപക്ഷീയമായി കേസ് എടുത്തതിൽ ആണ് അമർഷം. യുജിന് പെരേര കലാപത്തിന് ആഹ്വാനം ചെയ്തു എന്നായിരുന്നു മന്ത്രി വി ശിവൻ കുട്ടിയുടെ ആരോപണം പിന്നാലെ ആണ് അഞ്ചുതെങ്ങ് പൊലീസ് എടുത്തത്. അതിനിടെ മുതലപ്പൊഴിയിൽ ബോട്ട് മറിഞ്ഞ് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും.മത്സ്യതൊഴിലാളികളും മറൈൻ എൻഫോഴ്സ്മെന്റും തെരച്ചിൽ തുടരുന്നുണ്ട്.ഇന്നലെ നേവിയുടെ ഹെലികോപ്റ്റർ അടക്കം എത്തിച്ച് തെരച്ചിൽ നടത്തിയിട്ടും ഫലം കണ്ടില്ല.അപകടത്തിൽ മരിച്ച പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോന്റ മൃതദേഹം ഇന്നലെ സംസ്ക്കരിച്ചു.