തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ഉമ്മൻചാണ്ടിയെ പിന്തുടർന്ന് വേട്ടയാടി എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉമ്മൻചാണ്ടിക്കെതിരെ നടന്നത് വലിയ ഗൂഢാലോചനയാണ്. ഒരു പുരുഷായുസ്സ് മുഴുവൻ ഉമ്മൻചാണ്ടിയെ വേട്ടയാടി. കാലം അവർക്ക് കണക്ക് നൽകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സപ്ലൈകോയിൽ മരണമണിയെന്നും സതീശൻ വിമർശിച്ചു. സർക്കാർ വിപണിയിൽ ഇടപെടുന്നില്ല. ഓണത്തിന് കിറ്റില്ല, പക്ഷേ തെരഞ്ഞെടുപ്പിന് മുമ്പ് കിറ്റുണ്ടാകും. ഖജനാവിൽ പണമില്ലെന്നും പക്ഷേ വേറൊരു പെട്ടിയിൽ പണം എത്തുന്നുവെന്നും പ്രതിപക്ഷനേതാവ് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ പറഞ്ഞു.
”ഈ സർക്കാരിൻ്റെ കാലത്ത് ലീവ് സറണ്ടർ കിട്ടില്ല. മെഡിസെപ്പിന്റെ പേരിൽ ഇൻഷുറൻസ് കമ്പനിയുമായി ഗൂഡാലോചന നടത്തി. ജീവനക്കാരെ വഞ്ചിച്ചു. പിൻവാതിൽ നിയമനം നടക്കുന്നു. ഡിഎ കുടിശിക ആറ് ഗഡു നൽകാനുണ്ട്. എല്ലാത്തിനും വില വർദ്ധിച്ചു. സർക്കാർ മാർക്കറ്റിൽ ഇടപെടുന്നില്ല. സപ്ലൈകോയുടെ മരണമണി മുഴങ്ങി. ഓണത്തിന് കിറ്റില്ല. പക്ഷെ പാർലമെൻ്റ് തെരഞ്ഞെടുപ്പിന് മുമ്പ് ഒരു കിറ്റുണ്ടാകും. കഴിഞ്ഞ തെരെഞ്ഞെടുപ്പിന് മുമ്പ് നൽകിയ കിറ്റിൻ്റെ പണം ഇതേവരെ നൽകിയിട്ടില്ല. പെൻഷൻ ഫണ്ട് രൂപീകരിച്ചപ്പോഴേ അപകടം പ്രതിപക്ഷം ചൂണ്ടിക്കാണിച്ചതാണ്. ഇതാണ് പ്രതിസന്ധിയുടെ ഒരു കാരണം. കടമെടുക്കാൻ പോലും കഴിയാത്ത അവസ്ഥയായി. കെഎസ്ആർടിസിയുടെ ഗതി വരാതിരിക്കാൻ സർക്കാർ ജീവനക്കാർ പ്രാർത്ഥിക്കുക. എഐ ക്യാമറയിൽ ധനവകുപ്പ് അഴിമതി കണ്ടെത്തിയിരുന്നു.
എന്നിട്ടും അനുമതി കൊടുത്തു. മെഗാപ്രോജക്ടുകൾക്ക് സ്ക്രൂട്ടണിയില്ല. ഖജനാവിൽ പണമില്ല. പക്ഷെ വേറൊരു പെട്ടിയിൽ പണം എത്തുന്നുണ്ട്. റേഷൻ കടയിലെ സർവർ ശരിയാക്കുന്നില്ല. അതേ സമയം എഐ ക്യാമറ വയ്ക്കാനാണ് തിടുക്കം. ഉമ്മൻചാണ്ടിക്കെതിരെ നടന്നത് വലിയ ഗൂഢാലോചനയാണ്. അത് എത്ര കുളിച്ചാലും അവരിൽ നിന്ന് പോകില്ല. കാലം അവർക്ക് കണക്ക് നൽകും. മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി ഞാൻ സഭയിൽ പറഞ്ഞിട്ടുണ്ട്. ജയരാജൻ നമ്മളെ കൊണ്ട് മുഖ്യമന്ത്രിയ്‌ക്കെതിരെ പറയിപ്പിക്കാനാണ് ഇതൊക്കെ പറഞ്ഞത്. നമ്മൾ പറയണമെന്ന് വിചാരിച്ചതല്ല. പൊലീസ് പല പ്രാവശ്യം അന്വേഷിച്ചിട്ടും നിരപരാധിയെന്ന് കണ്ടെത്തി. എന്നിട്ടും ആരോപണവിധേയയായ സ്ത്രീയിൽ നിന്ന് പരാതി വാങ്ങി മുഖ്യമന്ത്രി സിബിഐക്ക് കേസ് വിട്ടു. ഒരു പുരുഷായുസ് മുഴുവൻ വേട്ടയാടി. മുഖ്യമന്ത്രിയെ ആരാണ് വേട്ടയാടിയത്? അനുസ്മരണ വേദിയിലെ മുദ്രാവാക്യം അനാദരവിന്റെ പ്രശ്നമില്ല. വിവാദമാക്കേണ്ട കാര്യവുമില്ല. പുതുപള്ളിയിൽ മൽസരിക്കാൻ തയാറാണ്. രാഷ്ട്രീയമായി മത്സരിക്കും.” പ്രതിപക്ഷ നേതാവ് പറഞ്ഞു.