തിരുവനന്തപുരം : ഐഎൻടിയുസിക്കെതിരെ വി ഡി സതീശൻ. ഐഎൻടിയുസി കോൺഗ്രസ് പോഷക സംഘടനയല്ലെന്ന് പ്രതിപക്ഷ നേതാവ്. കോൺഗ്രസ് പറയുന്നത് സംഘടന കേൾക്കണമെന്ന് നിർബന്ധമില്ല. ജനാവകാശം ചോദ്യം ചെയ്യുന്നത് ആരായാലും അംഗീകരിക്കാൻ കഴിയില്ലെന്നും സമരങ്ങളോടുള്ള വിയോജിപ്പ് ഐഎൻടിയുസിയെ അറിയിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. ഐഎൻടിയുസിയിൽ കോൺഗ്രസ് അനുഭാവികൾ കൂടുതൽ ഉണ്ടെന്നത് വസ്തുതയാണ്. പണിമുടക്ക് ഹർത്താലിന് സമാനമായി. കോൺഗ്രസ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് എതിരാണെന്നും ഏത് ട്രേഡ് യൂണിയൻ ആയാലും ഇത്തരം പ്രവണത അംഗീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കെ റെയിലിൽ അതിരടയാളക്കല്ല് ആര് സ്ഥാപിച്ചാലും പിഴുതെറിയുമെന്ന് പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. കല്ല് പിഴുതെറിഞ്ഞ സ്ഥലങ്ങളിൽ മന്ത്രിമാർ എത്തി വീണ്ടും സ്ഥാപിക്കുകയാണ്. മന്ത്രിമാർക്ക് കല്ലിടലാണോ ജോലിയെന്നും അദ്ദേഹം ചോദിച്ചു. സാമൂഹികാഘാത പഠനം നടത്തുകയെന്ന പേരിൽ കേരളത്തെ പണയപ്പെടുത്തുകയാണ് സർക്കാർ ചെയ്യുന്നത്. ലോണുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടത്താനാണ് സർക്കാർ നീക്കമെന്നും സതീശൻ ആരോപിച്ചു.
ലോകായുക്ത ഓർഡിനൻസ് വിഷയം സിപിഐയുടെ വിശ്വാസ്യതയെ ബാധിക്കും. ലോകായുക്ത ഭേദഗതി ഓർഡിനൻസ് പുനർവിളംബരം ചെയ്യുന്നതിൽ മന്ത്രിസഭാ ഒന്നിച്ച് തീരുമാനം എടുത്താൽ നാളെ സിപിഐ പറയുന്നത് ജനം വിശ്വസിക്കില്ല. സിപിഐയെ കുറ്റപ്പെടുത്താനില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.