തിരുവനന്തപുരം : സംസ്ഥാന ബജറ്റിൽ പ്രതീക്ഷയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബജറ്റിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും കഴിഞ്ഞ തവണ പ്രഖ്യാപിച്ച നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. നികുതി പിരിവ് കൃത്യമായി നടക്കുന്നില്ലെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി. ‘കഴിഞ്ഞ തവണ പ്രഖ്യാപിച്ച പരിപാടികൾ തുടങ്ങാൻ പോലും സാധിച്ചിട്ടില്ല. ബജറ്റിന്റെ പെർഫോമൻസ് ഓഡിറ്റിംഗാണ് ആവശ്യം. ബജറ്റിൽ പറയുന്ന കാര്യങ്ങളുടെ മുക്കാൽ ഭാഗം കാര്യങ്ങളും നടപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ല. അതുകൊണ്ട് വരുമാനമില്ല, ചെലവ് വർധിക്കുന്നു. ചെലവ് നിയന്ത്രിക്കാൻ കഴിയുന്നുമില്ല, വരുമാനം കൂടുന്നുമില്ല. നികുതി പിരിവ് സംസ്ഥാനത്ത് നടക്കുന്നില്ല. നികുതി കുടിശിക വർധിക്കുകയാണ്.
ജിഎസ്ടി വന്നിട്ട് നാല് വർഷമായി. അതിന് മുൻപുള്ള വാറ്റിലെ കുടിശിക പോലും പിരിച്ചെടുക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. കേന്ദ്ര ബജറ്റാണെങ്കിലും, സംസ്ഥാന ബജറ്റാണെങ്കിലും ചില തത്വങ്ങളുണ്ട്. വരുമാനം കൂട്ടുകയും ചെലവ് കുറയ്ക്കുകയും ചെയ്യുന്നത്. അതിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകും എന്നല്ലാതെ കാര്യക്ഷമമായ എന്തെങ്കിലും ഈ ബജറ്റിൽ ഉണ്ടാകുമെന്ന് കരുതുന്നില്ല’- വി.ഡി സതീശൻ പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഇന്നാണ് അവതരിപ്പിക്കുന്നത്. ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിക്കുന്ന ബജറ്റിൽ പുതിയ നികുതി നിർദ്ദേശങ്ങൾ ഉണ്ടാകുമെന്ന് സൂചന.