തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒരു കടലാസു പോലും മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ എറിഞ്ഞിട്ടില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ. സ്റ്റാലിൻ്റെ റഷ്യയുമല്ല, ഹിറ്റ്ലറുടെ ജർമനിയുമല്ല, ഇത് കേരളമാണ്. ഡിവൈഎഫ്ഐ ക്രിമിനലുകളും പോലീസുകാരും ചേർന്നാണ് അക്രമിച്ചതെന്ന് പറഞ്ഞ സതീശൻ മുഖ്യമന്ത്രി എന്തിനാണ് ഈ കസേരയിൽ തുടരുന്നതെന്നും ചോദിച്ചു.
മുഖ്യമന്ത്രിയുടെ കലാപാഹ്വാനത്തിന് എതിരെ ഞങ്ങൾ കേസ് നൽകും. ആദ്യമായാണ് ഒരു മുഖ്യമന്ത്രി കലാപാഹ്വാനം നടത്തുന്നത്. പോലീസ് സ്റ്റേഷനിലും ഡിവൈഎഫ്ഐ ക്രിമിനലുകൾ മർദിച്ച സാഹചര്യത്തിൽ പോലീസിന് എന്താണ് വില? കസ്റ്റഡിയിൽ ഉള്ളവരെ സംരക്ഷിക്കാൻ കഴിയാത്ത പോലീസ് ആരെയാണ് സംരക്ഷിക്കുക? നവകേരള സദസ്സ് അശ്ലീല നാടകമാണെന്നും വിഡി സതീശൻ വിമർശിച്ചു. കുട്ടികളെ വെയിലത്ത് നിർത്തി മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ എവിടെ പോയെന്നും വി ഡി സതീശൻ ചോദിച്ചു.
മുൻ മുഖ്യമന്ത്രിയെ കൊല്ലാൻ തീരുമാനിച്ചവരാണ് യൂത്ത് കോൺഗ്രസുകാരെ ആത്മഹത്യാ സ്ക്വാഡ് എന്ന് വിളിക്കുന്നത്. അധികാരത്തിൻ്റെ അഹങ്കാരം തലയ്ക്ക് പിടിച്ച ആളാണ് മുഖ്യമന്ത്രി. ആ ധാർഷ്ട്യവും ധിക്കാരവുമാണ് ഇതുപോലെയുള്ള സംസാരങ്ങൾക്ക് കാരണം. ഇപ്പോഴും പഴയ പാർട്ടി സെക്രട്ടറി അല്ലെന്ന് ഞങ്ങൾ ഓർമ്മിപ്പിക്കുകയാണ്. ക്രിമിനൽ മനസ്സാണ് മുഖ്യമന്ത്രിക്കെന്നും സതീശൻ ആവർത്തിച്ചു. ഇനിയും പ്രതിഷേധിക്കാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടില്ല. പണ്ട് കറുപ്പിനോടായിരുന്നു പ്രശനം, ഇപ്പൊൾ വെളുപ്പിനോടാണ്. കരിങ്കൊടി കാണിച്ചാൽ തല്ലുമെങ്കിൽ യുഡിഎഫ് നേതാക്കൾ തെരുവിലിറങ്ങി കരിങ്കൊടി കാണിക്കുമെന്നും സതീശൻ പറഞ്ഞു.