തിരുവനന്തപുരം : പ്രണയദിനത്തില്‍ യുവാക്കള്‍ക്കായി പ്രണയ ദിന സന്ദേശവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രണയം തകരുമ്പോഴോ തിരസ്കരിക്കപ്പെടുമ്പോഴോ പ്രണയിനിയെ കായികമായി നേരിടുന്നതും ഇല്ലാതാക്കുന്നതും നീതിയല്ല. അത്രമേൽ സ്നേഹിച്ചതിന് ശേഷം പ്രാണൻ എടുക്കാൻ നിങ്ങൾക്ക് എങ്ങനെയാണ് കഴിയുന്നതെന്നുമാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ വി ഡി സതീശന്‍ ചോദിക്കുന്നത്. പ്രണയങ്ങൾ ഊഷ്മളമാകണം. അവിടെ സ്നേഹവും സൗഹൃദവും ബഹുമാനവും ഉണ്ടാകണം. ശൂന്യതയുടെ നിമിഷങ്ങൾ ഉണ്ടാകരുതെന്നും അദ്ദേഹം കുറിക്കുന്നു.
വി ഡി സതീശന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
എനിക്ക് നിങ്ങളെ ഇഷ്ടമാണ് എന്നതിന്റെ മറുവശമാണ് എനിക്ക് നിങ്ങളെ ഇഷ്ടമല്ലെന്നത്. പ്രണയിക്കാനും തിരസ്കരിക്കാനുമുള്ള അവകാശം അവന്റേയും അവളുടേയും വ്യക്തി സ്വാതന്ത്രമാണ്. പ്രണയം നിരസിക്കപ്പെടുന്നതും തിരസ്കൃതനാക്കപ്പെടുന്നതും വേദനാജനകമായിരിക്കും. പക്ഷേ അതിനുള്ള അവകാശവും സ്വതന്ത്രവും മറ്റേയാൾക്കും ഉണ്ടെന്ന് തിരിച്ചറിയുക. പ്രണയം തകരുമ്പോഴോ തിരസ്കരിക്കപ്പെടുമ്പോഴോ പ്രണയിനിയെ കായികമായി നേരിടുന്നതും ഇല്ലാതാക്കുന്നതും നീതിയല്ല. അത്രമേൽ സ്നേഹിച്ചതിന് ശേഷം പ്രാണൻ എടുക്കാൻ നിങ്ങൾക്ക് എങ്ങനെയാണ് കഴിയുന്നത്?
ഒരാൺകുട്ടിക്ക്, പുരുഷന് അങ്ങനെ തോന്നുന്നുവെങ്കിൽ അത് ആൺ മേൽക്കോയ്മയിൽ നിന്നുണ്ടാകുന്നതാണ്. അതൊരു സാമൂഹിക അപചയമാണ്. പ്രണയത്തിലായാലും ജീവിതത്തിലായാലും ആണിനും പെണ്ണിനും തുല്യ പങ്കാളിത്തമാണ്. പ്രിയപ്പെട്ട ആൺകുട്ടിളെ നിങ്ങളത് തിരിച്ചറിയണം. ഞാൻ മാത്രമാണ് ശരിയെന്ന് കരുതരുത്. പ്രണയം സ്വത്തവകാശം പോലെയെന്ന് ധരിക്കുകയും ചെയ്യരുത്. ആരും ആരുടേയും സ്വകാര്യ സ്വത്തല്ല. പ്രണയങ്ങൾ ഊഷ്മളമാകണം. അവിടെ സ്നേഹവും സൗഹൃദവും ബഹുമാനവും ഉണ്ടാകണം. ശൂന്യതയുടെ നിമിഷങ്ങൾ ഉണ്ടാകരുത്. അത്തരം പ്രണയങ്ങളിൽ പകയും ക്രൗര്യവും ഉണ്ടാകില്ല. തിരസ്കരണങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകുന്നവരാണ് യഥാർഥ കരുത്തർ.- വിഡി സതീശന്‍ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നു.
വിഡി സതീശന് പുറമെ മറ്റ് പല രാഷ്ട്രീയ നേതാക്കളും പ്രണയദിന സന്ദേശം നേർന്ന് രംഗത്ത് എത്തിയിട്ടുണ്ട്. “Love is the bridge between you and everything” – Rumi. പ്രണയത്തിനായി ഒരു പ്രത്യേക ദിവസം എന്നുള്ളതിൽ വിശ്വാസമില്ലെങ്കിലും ഫെബ്രുവരി 14 പ്രണയത്തിന്റെ മാസ്മരികത ആഘോഷിക്കപ്പെടുന്ന ഒരു ദിനമാണ്. Enjoy this Valentine’s Day – എന്നായിരുന്നു കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കെ എസ് ശബരീനാഥ് ഫേസ്ബുക്കില്‍ കുറിച്ചത്.