പത്തനംതിട്ട : പത്തനംതിട്ടയിൽ സിപിഐഎം – സിപിഐ പോര് മറനീക്കി പുറത്തുവരുന്നു. ആരോഗ്യമന്ത്രി വീണാ ജോർജും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും തമ്മിലുള്ള തർക്കത്തിൽ വിമർശനവുമായി ജില്ലയിലെ മുതിർന്ന നേതാക്കൾ രംഗത്തെത്തിയിരിക്കുകയാണ്. സിപിഐഎം പത്തനംതിട്ട ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ നേതാക്കൾ രംഗത്തെത്തി. ക്യാബിനറ്റ് പദവിയുള്ളവരുടെ തർക്കത്തിൽ ജില്ലാ നേതാക്കൾ ഇടപെടേണ്ടെന്ന ആവശ്യവുമായി സിപിഐ രംഗത്തെത്തി. വീണാ ജോർജും ചിറ്റയം ഗോപകുമാറും തമ്മിലുള്ള തർക്കത്തിൽ കഴിഞ്ഞ ദിവസം സിപിഐഎം ജില്ലാസെക്രട്ടറി നടത്തിയ പ്രതികരണം ദൗർഭാഗ്യകരമാണെന്ന് സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
മന്ത്രി വീണാ ജോർജിനെതിരെ പരാതിയുമായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നേരത്തേ രംഗത്തെത്തിയിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറിക്കും എൽഡിഎഫ് കൺവീനർക്കുമാണ് പരാതി നൽകിയത്. കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ പരസ്യമായി പറഞ്ഞ കാര്യങ്ങളാണ് പരാതിയിലെ ഉള്ളടക്കം. ചിറ്റയം ഗോപകുമാറിനെതിരെ വീണാ ജോർജും നേർതൃത്വത്തിന് പരാതി നൽകിയിരുന്നു.അടിസ്ഥാന രഹിതമായ ആരോപണമാണ് ഉന്നയിക്കുന്നത് എന്നാണ് വീണാ ജോർജിന്റെ പരാതി. ഇതോടെ പത്തനംതിട്ടയിൽ നിന്നുള്ള രണ്ട് ക്യാബിനറ്റ് റാങ്കുള്ള വ്യക്തികൾ തമ്മിലുള്ള ഭിന്നത പരസ്യമാവുകയായിരുന്നു. കഴിഞ്ഞദിവസമാണ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വാർത്താസമ്മേളനത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.
പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള വീണാ ജോർജ്ജ് കൂടിയാലോചനകൾ നടത്തുന്നില്ലെന്നാണ് ആരോപണം. ഫോൺ വിളിച്ചാൽ എടുക്കില്ലെന്നും അടൂർ എംഎൽഎ കൂടിയായ ചിറ്റയം ഗോപകുമാർ പറയുന്നു. ഇത്തരത്തിൽ പതിവായി അവഗണിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ എന്റെ കേരളം പ്രദർശന മേള ഉദ്ഘാടനത്തിൽ നിന്നും ചിറ്റയം ഗോപകുമാർ വിട്ടുനിൽക്കുകയും ചെയ്തിരുന്നു. എന്നാൽ സർക്കാർ വാർഷികാഘോഷ പരിപാടിയിലേക്ക് ആരെയും പ്രത്യേകിച്ച് വിളിക്കേണ്ട കാര്യമില്ലെന്നാണ് സിപി ഐഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു പറഞ്ഞത്. മന്ത്രി വീണാ ജോർജിനെതിരെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തനിക്ക് പരാതി നൽകിയിട്ടില്ല. എല്ലാവരും ചേർന്നാണ് സർക്കാരിന്റെ വാർഷികാഘോഷ പരിപാടി നടത്തേണ്ടത്. മകന്റെ കല്യാണത്തിന് അച്ഛനെ വിളിച്ചില്ല എന്ന പോലെയാണ് ഡെപ്യൂട്ടി സ്പീക്കറുടെ പരാതിയെന്നും കെപി ഉദയഭാനു പറഞ്ഞു.