തിരുവനന്തപുരം : ആശുപത്രികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ചരിത്രത്തിലാദ്യമായി സേഫ്റ്റി ഓഡിറ്റും ഫയര്‍ ഓഡിറ്റും നടത്തി നടത്തിയത് ഈ സര്‍ക്കാരാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പോലീസും, ഫയര്‍ഫോഴ്സുമായി ചേര്‍ന്ന് സേഫ്റ്റി ഓഡിറ്റും മോക് ഡ്രില്ലും സംഘടിപ്പിച്ചു. ആശുപത്രി സുരക്ഷയ്ക്കായി പ്രത്യേക ഗൈഡ് ലൈന്‍ പ്രഖ്യാപിച്ചു. രാജ്യത്ത് ആദ്യമായി കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പിലാക്കിയ സംസ്ഥാനം കൂടിയാണ് കേരളമെന്ന് വീണാ ജോര്‍ജ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കേരളത്തിലെ 1280-ഓളം വരുന്ന എല്ലാ പൊതുമേഖലാ ആരോഗ്യ സംവിധാനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും അപകടങ്ങള്‍ തടയുന്നതിനും ദുരന്ത ആഘാതം ഒഴിവാക്കുന്നതിനുമായി ആശുപത്രി സുരക്ഷ പദ്ധതി തയ്യാറാക്കുവാന്‍ ആരോഗ്യ വകുപ്പ് മന്ത്രി അധ്യക്ഷതയില്‍ മെയ് 21ന് ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു.
ആരോഗ്യ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ചേര്‍ന്നാണ് യോഗം ചേര്‍ന്നത്. ഇതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേത്യത്വത്തില്‍ ബന്ധപ്പെട്ട വിദഗ്ധരെ ഉള്‍പ്പെടുത്തി നടത്തിയ ശില്പശാലകളില്‍ നിന്നായി ആശുപത്രി സുരക്ഷാ പദ്ധതിയ്ക്ക് ആവശ്യമായ രൂപരേഖയും മാര്‍ഗനിര്‍ദേശങ്ങളും ഇതിനകം തയ്യാറാക്കപ്പെട്ടിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഭാഗമായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ജൂണ്‍ 26 ന് ചേര്‍ന്ന സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ പരിശീലനങ്ങള്‍ക്കായി തുക അനുവദിച്ചിട്ടുമുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ മുന്നോട്ട് നീങ്ങുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.