തിരുവനന്തപുരം: സമരം ചെയ്യുന്ന പി ജി ഡോക്ടർമാരോട് അനുകൂല സമീപനമാണ് സ്വീകരിച്ചതെന്നും എന്നിട്ടും സമരം തുടരുന്നത് രോഗികളെ പ്രതിസന്ധിയിലാക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടര്‍മാര്‍ സമരം തുടരുന്നത് നിർഭാഗ്യകരമാണ്. സമരം നടത്തുന്നവരോട് രണ്ടുതവണ ചര്‍ച്ച നടത്തി. ജോലിഭാരം കുറയ്ക്കുന്നതിനായി മെഡിക്കൽ കോളേജുകളിൽ റെസിഡന്റുമാരെ നിയമിക്കണമെന്ന സമരക്കാരുടെ പ്രധാന ആവശ്യം സർക്കാർ ഇന്നലെ അംഗീകരിച്ചിരുന്നു.
373 റസിഡന്റ് ജൂനിയർ ഡോക്ടര്‍മാരെ തിങ്കളാഴ്ച്ചയ്ക്കകം നിയമിക്കും. ഒന്നാം വർഷ പിജി പ്രവേശനം നീളുന്നത് കോടതിയില്‍ കേസുള്ളത് കൊണ്ടാണെന്നും മന്ത്രി പറഞ്ഞു.
സമരം പിൻവലിക്കില്ലെന്ന നിലപാടിലാണ് പിജി ഡോക്ടർമാർ. എമർജൻസി ഡ്യൂട്ടി ബഹിഷ്കരണ സമരം 24 മണിക്കൂർ കൂടി നീട്ടിവെയ്ക്കാമെന്നും സമരക്കാര്‍ അറിയിച്ചു. നോൺ അക്കാദമിക് ജൂനിയർ റെസിഡന്റുമാരുടെ നിയമനം സംബന്ധിച്ച സർക്കാർ ഉത്തരവിൽ വ്യക്തത ഇല്ലെന്നും അതിനാലാണ് സമരം തുടരുന്നതെന്നും പി ജി ഡോക്ടർമാർ പറയുന്നു.