കൊണ്ടോട്ടി (മലപ്പുറം): കോവിഡ് നിയന്ത്രണങ്ങള്‍ ഇല്ലാതായതോടെ ആഘോഷമായി വിഷുവിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയവര്‍ക്ക് വിലക്കയറ്റം വെല്ലുവിളിയാകുന്നു. വിഷു വിപണിയില്‍ പച്ചക്കറികള്‍ക്ക് വന്‍തോതിലാണ് വില ഉയര്‍ന്നത്. സദ്യവട്ടങ്ങള്‍ ഒരുക്കാനുള്ള പ്രധാന ഇനങ്ങള്‍ക്കെല്ലാം ക്ഷാമവും അനുഭവപ്പെട്ടു.
വെണ്ട, വെള്ളരി, പയര്‍, ബീന്‍സ് എന്നിവക്കെല്ലാം ഇരട്ടിയിലധികമാണ് വിഷുത്തലേന്ന് വിലകൂടിയത്. വെണ്ട കിലോക്ക് 40 രൂപയില്‍നിന്ന് 70 രൂപയിലേക്ക് ഉയര്‍ന്നു. 45 രൂപയായിരുന്ന പയറിന്റെ വില 120 വരെയായി. ബീന്‍സിന് 80 രൂപയാണ് വില. രണ്ട് ദിവസം മുമ്പ് ഇത് 40 ആയിരുന്നു. കണിക്കും സദ്യക്കും ഒഴിച്ചുകൂടാനാകാത്ത വെള്ളരിക്ക് 15 രൂപയില്‍നിന്ന് 30 രൂപയായി. മുരിങ്ങക്കായ 50, കാരറ്റ് 60, സവാള 22, ചെറിയ ഉള്ളി 36 എന്നിങ്ങനെയാണ് മറ്റു ഉൽപന്നങ്ങളുടെ ചില്ലറ വിപണിവില.