കോഴിക്കോട് സംസ്ഥാനത്ത് പച്ചക്കറി റെക്കോർഡ് വിലയിൽ. മൊത്ത വിപണിയിൽ പലതിനും ഇരട്ടിയോളം വില കൂടി. മുരിങ്ങയ്ക്കായ്ക്ക് മൊത്ത വിപണയിൽ കിലോയ്ക്ക് 310 രൂപയാണ് വില. തമിഴ്നാട്ടിലെയും കർണാടകയിലെയും മൊത്ത വിപണിയിൽ പച്ചക്കറി ക്ഷാമം രൂക്ഷമാണ്. വില കുറയ്ക്കാനുള്ള സർക്കാർ ഇടപെടലും ഫലം കണ്ടില്ല. അയല്‍ സംസ്ഥാനങ്ങളിലുണ്ടായ മഴക്കെടുതിയും വെള്ളപൊക്കവുമാണ് പച്ചക്കറി ക്ഷാമത്തിന് കാരണായി ചൂണ്ടിക്കാട്ടുന്നത്. വിലക്കയറ്റം വ്യാപാരമേഖലയെ പ്രതികൂലായി ബാധിച്ചതായി കച്ചവടക്കാർ പറയുന്നു.
വിൽപ്പനക്കാരാണ് വിലക്കയറ്റത്തിന് കാരണമെന്നും പൂഴ്ത്തിവെപ്പിലൂടെ ക്ഷാമം സൃഷ്ടിക്കുകയാണെന്നുമുള്ള ആരോപണം കച്ചവടക്കാർ തള്ളി. ദിവസേന വിറ്റുപോവേണ്ട പച്ചക്കറി പൂഴ്ത്തവെച്ചാൽ എന്താണ് ലാഭമെന്ന വിൽപ്പനക്കാർ ചോദിച്ചു. കോഴിക്കോട് തക്കാളിക്ക് വില നൂറു രൂപ വരെയായിട്ടുണ്ട്. തക്കാളിക്ക് തിരുവന്തപുരത്ത് 80 രൂപയും എറണാകുളത്ത് 90 മുതൽ 94 രൂപ വരെയുമാണ് വില. മൊത്തവിപണിയിൽ പല പച്ചക്കറിയിനങ്ങൾക്കും ഇരട്ടിയോളം വില വർധിച്ചിട്ടുണ്ട്. പച്ചക്കറിയെടുക്കുന്ന തമിഴ്‌നാട്ടിലെയും കർണാടകയിലെയും മാർക്കറ്റിൽ തന്നെ വില ഉയരുകയാണ്.