കൊച്ചി : മോട്ടോർ വാഹന ചട്ടഭേദഗതിയനുസരിച്ചുള്ള അധിക ഫീസില്ലാതെ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കാനുള്ള അപേക്ഷകൾ സ്വീകരിക്കാൻ ഹൈക്കോടതി നിർദേശം. സുപ്രിംകോടതിയിലുള്ള കേസിൽ അധിക ഫീസ് ഈടാക്കുന്നതു ശരിവച്ചാൽ തുക അടയ്ക്കുമെന്ന് വ്യക്തമാക്കി അപേക്ഷകരിൽ നിന്ന് സത്യവാങ്മൂലം വാങ്ങണമെന്നും ജസ്റ്റിസ് അമിത് റാവലിന്റെ ഇടക്കാല ഉത്തരവ്. അധിക ഫീസ് ഈടാക്കാൻ നിർദ്ദേശിച്ച് ട്രാൻസ്‌പോർട്ട് കമ്മിഷണർ നൽകിയ ഉത്തരവു ചോദ്യം ചെയ്ത് പാലക്കാട്ടെ ആൾ കേരള യൂസ്ഡ് വെഹിക്കിൾ ഡീലേഴ്‌സ് ആൻഡ് ബ്രോക്കേഴ്‌സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. . കഴിഞ്ഞ വർഷമാണ് വാഹന രജിസ്‌ട്രേഷൻ പുതുക്കാൻ നിലവിലുള്ള ഫീസിനു പുറമേ അധിക ഫീസ് ഈടാക്കാൻ മോട്ടോർ വാഹന ചട്ടത്തിലെ റൂൾ 81 ൽ ഭേദഗതി കൊണ്ടുവന്നത്.
ഇതനുസരിച്ചാണ് പുതുക്കാൻ വൈകുന്ന ഓരോ മാസവും ഇരുചക്ര വാഹനങ്ങൾക്ക് 300 രൂപ വീതവും മറ്റു സ്വകാര്യ വാഹനങ്ങൾക്ക് 500 രൂപ വീതവും ഈടാക്കാനാണ് തീരുമാനിച്ചത്. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പുതുക്കാൻ വൈകുന്ന ഓരോ ദിവസവും 50 രൂപ വീതം ഈടാക്കാനും ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ ഇത്തരത്തിൽ ഫീസ് ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. 2016 ൽ സമാനമായ ചട്ട ഭേദഗതി മദ്രാസ് ഹൈക്കോടതി 2017 ൽ റദ്ദാക്കിയിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയിൽ കേസു നിലവിലുണ്ടെന്നും മദ്രാസ് ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്തിട്ടില്ലെന്നും ഹർജിക്കാർ വ്യക്തമാക്കി.
2016 ലെ ഭേദഗതിക്കെതിരെ കേരള ഹൈക്കോടതിയെ സമീപിച്ചവരുടെ അപേക്ഷകൾ അധിക ഫീസ് വാങ്ങാതെ സ്വീകരിക്കാനും ഉത്തരവുണ്ട്. ഈ വസ്തുതകൾ കണക്കിലെടുത്താണ് അധികഫീസ് വാങ്ങാതെ അപേക്ഷകൾ സ്വീകരിക്കാൻ സിംഗിൾബെഞ്ച് നിർദ്ദേശിച്ചത്.ഹർജി സെപ്തംബർ 26 നു സമാനമായ മറ്റു ഹർജികൾക്കൊപ്പം വീണ്ടും പരിഗണിക്കാൻ മാറ്റി.