പീരുമേട്: നിയമലംഘനം നടത്തുകയും നിയമ നടപടികൾ നേരിടുകയും ചെയ്യുന്ന വാഹനങ്ങൾ ഇനി കരിമ്പട്ടികയിൽ. ഏപ്രിൽ 15 മുതലാണ് പരിഷ്കാരം. കരിമ്പട്ടികയിൽ ഉൾപ്പെടുന്ന വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പിൽനിന്ന് സേവനങ്ങൾ ലഭിക്കില്ല. ഇതോടെ ഇവ നിരത്തിലിറക്കാനും കഴിയാതെ വരും. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞദിവസം പുറപ്പെടുവിച്ചത്.
1989ലെ മോട്ടോർ വാഹന നിയമത്തിന്റെ തുടർച്ചയായാണ് പുതിയ ഉത്തരവ്. മോഷ്ടിക്കപ്പെട്ടവ, 30 ദിവസം നികുതി കുടിശ്ശികയുള്ളവ, അപകടത്തിൽ നാശം സംഭവിച്ചവ, വായ്പ കുടിശ്ശികയുള്ളവ, നിയമ നടപടികൾ നേരിടുന്നവ, പൊലീസ് കേസുള്ളവ, കോടതി നടപടികൾ നേരിടുന്നവ, ബോണ്ട്, ജാമ്യ ലംഘനങ്ങളിൽ ഉൾപ്പെട്ടവ തുടങ്ങിയ വിഭാഗങ്ങളിൽപെടുന്ന വാഹനങ്ങളാണ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നത്.
വകുപ്പിൽനിന്നുള്ള സേവനങ്ങൾ മരവിപ്പിക്കുന്നതിനാൽ ന്യൂനതകൾ പരിഹരിക്കാതെ ഈ വാഹനങ്ങൾ റോഡിലിറക്കാനാവില്ല. മൂന്ന് വായ്പ കുടിശ്ശികയുള്ള വാഹനങ്ങളും കരിമ്പട്ടികയിൽപെടും. കുടിശ്ശിക അടച്ചുതീർത്താലേ പട്ടികയിൽനിന്ന് ഒഴിവാക്കൂ.