തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിനു കീഴിലും കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുമുള്ള 2506 വാഹനങ്ങൾ ഈ മാസം പൊളിക്കാൻ തീരുമാനം. കേന്ദ്ര സർക്കാരിന്റെ വാഹനം പൊളിക്കൽ നയത്തിന്റെ ഭാഗമായാണ് പഴയ വാഹനങ്ങൾ പൊളിക്കാൻ തീരുമാനിച്ചത്. സർക്കാരിനു കീഴിൽ 884 വാഹനങ്ങളും കെഎസ്ആർടിസിക്കു കീഴിൽ 1622 വാഹനങ്ങളുമാണ് പൊളിക്കാനായി തിരഞ്ഞെടുത്തത്. ഈ മാസം 28നു മുൻപ് പൊളിക്കണമെന്നു ധനവകുപ്പ് എല്ലാ വകുപ്പുകൾക്കും നിർദേശം നൽകി. ഇവയ്ക്കു പകരമായി വാങ്ങുന്ന പുതിയ വാഹനങ്ങൾക്കു നികുതി ഇളവ് ലഭിക്കും. പൊളിക്കുന്ന വാഹനങ്ങൾക്ക് എന്തെങ്കിലും കുടിശികയുണ്ടെങ്കിൽ എഴുതിത്തള്ളും. ഒരു വർഷത്തിനുള്ളിൽ പൊളിക്കുന്നവയ്ക്കാണ് ഈ ഇളവ്.
15 വർഷം കഴിഞ്ഞവ പരിഗണിച്ചാൽ കെഎസ്ആർടിസിയുടേത് ഉൾപ്പെടെ 6153 സർക്കാർ വാഹനങ്ങൾ പൊളിക്കേണ്ടിവരും. കെഎസ്ആർടിസിക്ക് 4714 ബസ് പൊളിക്കണം. 15 – 20 വർഷം പഴക്കമുള്ള 1591 ബസും 20 വർഷത്തിലേറെ പഴക്കമുള്ള 3123 ബസുമുണ്ട്. 15 വർഷത്തിലേറെ പഴക്കമുള്ളവയിൽ 93 എണ്ണം ഒഴികെ ബാക്കി റോഡിലിറക്കാതെ മാറ്റിയിട്ടിരിക്കുന്നു എന്നാണു കെഎസ്ആർടിസിയുടെ റിപ്പോർട്ട്.
സ്വകാര്യവാഹനങ്ങൾക്ക് ഫിറ്റ്നസ് തെളിയിക്കണം
സർക്കാർ വാഹനങ്ങളാണു പൊളിക്കാൻ കർശനമായി വ്യവസ്ഥ ചെയ്തിട്ടുള്ളത്. എന്നാൽ 15 വർഷം കഴിഞ്ഞ സർക്കാർ വാഹനങ്ങൾ ലേലം ചെയ്ത് ഒഴിവാക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. സ്വകാര്യവാഹനങ്ങളിൽ 15 വർഷം കഴിഞ്ഞവ ഓട്ടമേറ്റഡ് കേന്ദ്രങ്ങളിലെ പരിശോധനയിൽ ഫിറ്റ്നസില്ലെന്നു തെളിഞ്ഞാൽ പൊളിക്കണമെന്നാണു വ്യവസ്ഥ. എന്നാൽ പഴയ സ്വകാര്യവാഹനം പൊളിക്കുന്നവർക്കു പുതിയ വാഹനം വാങ്ങുമ്പോൾ 25 ശതമാനവും വാണിജ്യവാഹനം പൊളിക്കുന്നവർക്ക് 15 ശതമാനവും നികുതിയിളവ് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.
കേരള സർക്കാർ ഇൗ ഇളവ് വെട്ടിക്കുറച്ച് സ്വകാര്യ വാഹനങ്ങൾക്ക് 15%, വാണിജ്യവാഹനങ്ങൾക്ക് 10% എന്നിങ്ങനെയാക്കി. ഇതുൾപ്പെടെ പൊളിക്കൽ നയം ഉണ്ടാക്കിയാലേ ഇതിനുള്ള കേന്ദ്രങ്ങൾ തുടങ്ങാനാകു. നയരൂപീകരണത്തിനു മുന്നോടിയായി മന്ത്രി ആന്റണി രാജുവും ഗതാഗത സെക്രട്ടറിയും കമ്മിഷണറും ഉൾപ്പെടുന്ന സംഘം കഴിഞ്ഞ ദിവസം ഗുജറാത്തിലെ പൊളിക്കൽ കേന്ദ്രങ്ങൾ സന്ദർശിച്ചു.
സർക്കാർ കാർ പഴയതാകാൻ 10 വർഷം
നിലവിലെ സംസ്ഥാന സർക്കാർ നയം അനുസരിച്ച് ഒരു കാർ പഴയ വാഹനമാകാൻ ഒന്നുകിൽ 3 ലക്ഷം കിലോമീറ്റർ ഓടണം. അല്ലെങ്കിൽ 10 വർഷത്തെ പഴക്കം വേണം. ഹെവി ഡ്യൂട്ടി വാഹനമാണെങ്കിൽ 4 ലക്ഷം കിലോമീറ്റർ ഓടുകയോ 15 വർഷം പഴക്കമാവുകയോ വേണം.
വിവിധ ഓഫിസുകൾ സ്വന്തം നിലയ്ക്കു വാഹനങ്ങൾ വാങ്ങുന്നതിനാൽ സർക്കാരിന്റെ വാഹനങ്ങളുടെ കൃത്യം കണക്കു ലഭ്യമല്ലെന്നാണു മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ വ്യക്തമാക്കിയത്. 4 വർഷം മുൻപ് വീൽസ് എന്ന പോർട്ടൽ വഴി ആരംഭിച്ച കണക്കെടുപ്പിൽ 17,4