കാസർകോട് : വ്യാജ നന്പർ പ്ലേറ്റ് ഉപയോഗിക്കുന്ന വാഹനങ്ങള്‍ കാസര്‍കോട് ജില്ലയിൽ വര്‍ധിക്കുന്നു. ഏറ്റവും ഒടുവില്‍ വ്യാജ നന്പർ പ്ലേറ്റുമായി കര്‍ണാടക രജിസ്ട്രേഷനുള്ള ബുള്ളറ്റാണ് പിടികൂടിയത്. ഉപ്പളയിലെ ഒരു വീട്ടില്‍ നിന്നാണ് മോട്ടോര്‍ വാഹന വകുപ്പ് വ്യാജനെ കസ്റ്റഡിയില്‍ എടുത്തത്. 500 സി സി ബുള്ളറ്റ്. കര്‍ണാടക രജിസ്ട്രേഷന്‍. ചുവന്ന ലൈനിംഗ് ഒക്കെ കൊടുത്ത് മനോഹരമാക്കിയിട്ടുണ്ട്.
പക്ഷേ വണ്ടി വ്യാജന്‍. കാസര്‍കോട് ഉപ്പള മുളിഞ്ച ബൈത്തുല്‍ ഖമര്‍ വില്ലയില്‍ മുസ്തഫയുടെ വീട്ടിലാണ് ഈ വ്യാജനെ മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയത്. വാഹനത്തിന്‍റെ സൈലന്‍സര്‍ രൂപമാറ്റം വരുത്തിയതിനും ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തതിനും പിഴ ചുമത്തിയപ്പോഴാണ് വ്യാജന്‍ പുറത്തറിഞ്ഞത്. പിഴ ചലാന്‍ പോയത് ഒറിജിനലിന്‍റെ ബംഗളൂരു അഡ്രസില്‍.
പിടിക്കപ്പെടാതിരിക്കാനായി ഒറിജിനലിന്‍റെ അതേ ചേസ് നമ്പര്‍ വ്യാജനിലും കൊത്തി വച്ചിരുന്നു. മറ്റ് ഏതെങ്കിലും കുറ്റകൃത്യങ്ങള്‍ക്കായി ഈ വാഹനം ഉപയോഗിച്ചിട്ടുണ്ടോ എന്നും പരിശോധിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. വിശദമായ പരിശോധനയ്ക്കും തുടര്‍ നടപടികള്‍ക്കുമായി ബുള്ളറ്റ് മഞ്ചേശ്വരം പൊലീസിന് കൈമാറിയിരിക്കുകയാണ്. ആഴ്ചകള്‍ക്ക് മുമ്പ് ബേക്കല്‍ പള്ളിക്കര ബീച്ചില്‍ ഒരേ നമ്പറില്‍ രണ്ട് കാറുകള്‍ കണ്ടെത്തിയിരുന്നു. ഈ കാറുകള്‍ സംബന്ധിച്ചും പൊലീസ് അന്വേഷണം തുടരുകയാണ്.