ഒരു ഡെപ്യൂട്ടി ട്രാന്‍പോര്‍ട്ട് കമ്മീഷണര്‍ ഒരാഴ്ചയ്ക്കുള്ളില്‍ ചുരുങ്ങിയത് 15 വാഹനങ്ങളെങ്കിലും പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അതിന് മുകളില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സൂപ്പര്‍ ചെക്ക് ഉണ്ടാകും. മൂന്ന് തലത്തിലുള്ള പരിശോധന ഉണ്ടാകും. കേരളത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു പരിശോധന സംവിധാനം ഏര്‍പ്പെടുത്തുന്നത്. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, ജോയിന്റ് ആര്‍.ടി.ഒ. തുടങ്ങിയ എക്സിക്യുട്ടീവ് ഓഫീസേഴ്സ് ചെക്കിംഗുകള്‍ക്ക് നേതൃത്വം നല്‍കും.
ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചശേഷം വാഹനമോടിക്കുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുന്നതിന് പുറമെ ഇവര്‍ക്ക് റിഫ്രെഷര്‍ ട്രെയിനിങ് കോഴ്സുകള്‍ നടത്തും. ഈ കോഴ്സിന് നിര്‍ബന്ധമായും പങ്കെടുക്കണം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിംഗ് ആന്റ് റിസര്‍ച്ചില്‍ ഈ ട്രെയിനിങ് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ലൈസന്‍സുകള്‍ പുനഃസ്ഥാപിക്കുകയുള്ളു. ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിനായി എക്സൈസ് വകുപ്പുമായി ചേര്‍ന്ന് ചൊവ്വാഴ്ച മുതല്‍ കര്‍ശനമായ പരിശോധനകള്‍ ആരംഭിക്കും.
ഏകീകൃത കളര്‍കോഡ് ലംഘിക്കുന്ന വാഹനങ്ങളെ പിടിച്ചെടുക്കുവാനും തീരുമാനമായിട്ടുണ്ട്. വെള്ള നിറത്തില്‍ വയലറ്റ് ബോര്‍ഡര്‍ മാത്രമേ കോണ്‍ട്രാക്ട് ക്യാരേജ് ബസുകള്‍ക്ക് ഉപയോഗിക്കാനാകൂ. കളര്‍ കോട് ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും. വാഹനങ്ങളുടെ അനധികൃത രൂപമാറ്റത്തിന് കേന്ദ്രത്തിന്റെ വ്യവസ്ഥയനുസരിച്ച് 5000 രൂപയായിരുന്നു പിഴ. ഇനിമുതല്‍ ഓരോ രൂപമാറ്റത്തിനും പതിനായിരം രൂപ വീതമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അഞ്ചിടത്ത് ലൈറ്റുകള്‍ മാറ്റിയാല്‍ അഞ്ച് രൂപമാറ്റമായി കണക്കാക്കി 50,000 രൂപ പിഴയീടാക്കും. അനധികൃതമായി ഘടിപ്പിക്കുന്ന ഓരോ ഹോണിനും 10,000 രൂപവീതം പിഴയീടാക്കും.
ജി.പി.എസ്. ഘടിപ്പിക്കാത്ത പബ്ലിക് കാരിയേജ് വാഹനങ്ങളുടെ സി.എഫ് കാന്‍സല്‍ ചെയ്യുന്ന നടപടികളിലേക്ക് നീങ്ങും. എ.ആര്‍.ഐ. അംഗീകാരമുള്ള നിര്‍മാതാക്കളുടെ ജി.പി.എസ്. സംസ്ഥാനത്ത് ആവശ്യാനുസരണം ലഭ്യമാക്കുവാനുള്ള നടപടി സ്വീകരിക്കുവാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. അന്യസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ആള്‍ ഇന്ത്യ പെര്‍മിറ്റ് എടുത്ത ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് ഫ്രീ മൂവ്മെന്റ് അനുവദിച്ച ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശം റദ്ദാക്കി തമിഴ്നാട് മാതൃകയില്‍ കേരളത്തിലും വാഹനനികുതി ഈടാക്കുവാന്‍ തീരുമാനിച്ചു. അല്ലെങ്കില്‍ ഇത്തരം വാഹനങ്ങള്‍ നവംബര്‍ ഒന്ന് മുതല്‍ കേരളത്തിലേക്ക് രജിസ്ട്രേഷന്‍ മാറ്റേണ്ടതാണ്.
ഡ്രൈവര്‍മാരുടെ മികവും അപകടരഹിതവുമായ ഡ്രൈവിംഗ് ചരിത്രവും പരിഗണിച്ച് വാഹന ഉടമകള്‍ക്ക് ആനുകൂല്യം നല്‍കുന്ന കാര്യവും പരിശോധിക്കും. വാഹനങ്ങളില്‍ അനധികൃതമായി രൂപമാറ്റം വരുത്തുവാന്‍ സഹായിക്കുന്ന വര്‍ക്ക്ഷോപ്പുകള്‍ക്കെതിരെ നടപടിയെടുക്കും. ഈ മാസം 15-ന് മുന്‍പ് നാല് സോണിലെയും എല്ലാ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍മാരുടെയും യോഗം ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ വിളിച്ചു ചേര്‍ത്ത് നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും ആന്റണി രാജു പറഞ്ഞു.