സുല്‍ത്താന്‍ബത്തേരി: നഗരത്തില്‍ സ്ഥിതി ചെയ്യുന്ന അസംപ്ഷന്‍ ദേവാലയത്തിലെ തിരുന്നാളിനോട് അനുബന്ധിച്ച് വാഹന ഗതാഗതം സുഗമമാക്കാന്‍ ക്രമീകരണമൊരുക്കിയതായി തിരുന്നാള്‍ കമ്മിറ്റി അറിയിച്ചു. പൊലീസ് നിര്‍ദ്ദേശമനുസരിച്ചുള്ള ക്രമീകരണം ഇപ്രകാരം. കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ബൈപ്പാസ് വഴിയാണ് കടന്നുപോകേണ്ടത്. പുല്‍പ്പള്ളി, പാട്ടവയല്‍, ഗുണ്ടല്‍പേട്ട് ഭാഗങ്ങളിലേക്കുള്ള വാഹനങ്ങള്‍ ദേശീയ പാത വഴി തന്നെയായിരിക്കും കടത്തിവിടുക. നഗരപ്രദക്ഷിണം അടക്കമുള്ള പരിപാടികള്‍ നടക്കുമെങ്കിലും ഒരു ലൈനായി ദേശീയപാതയിലൂടെ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനാകും. ദേശീയപാത 766-ല്‍ അതിര്‍ത്തി ചെക്‌പോസ്റ്റില്‍ രാത്രി യാത്ര നിരോധനമുള്ളതിനാല്‍ വാഹനങ്ങള്‍ നഗരത്തില്‍ ഗതാഗതകുരുക്കില്‍ ആകാതിരിക്കാന്‍ ശ്രദ്ധിക്കും.
നുറുകണക്കിന് പേര്‍ തിരുന്നാളില്‍ പങ്കെടുക്കാന്‍ എത്തുന്നത് കൊണ്ട് തന്നെ ഗതാഗത കുരുക്ക് രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് ക്രമീകരണം ഏര്‍പ്പെടുത്തിയതെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. 26, 27, 28 തീയതികളിലാണ് തിരുനാളിന്റെ പ്രധാന ആഘോഷങ്ങള്‍ നടക്കുക. 27 ന് ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് വൈകുന്നേരം ആറരക്ക് അസംപ്ഷന്‍ ജംഗ്ഷനില്‍ നിന്ന് കോട്ടക്കുന്ന് കപ്പേളയിലേക്ക് നടക്കുന്ന പ്രദക്ഷിണത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുക്കും. 28ന് ഉച്ചക്ക് പന്ത്രണ്ടിന് ഗ്രോട്ടോയിലേക്കും പ്രദക്ഷിണമുണ്ട്. ഈ ദിവസം ദേവാലയത്തില്‍ നേര്‍ച്ചഭക്ഷണവും ഉണ്ടായിരിക്കും. ഉച്ചക്ക് ശേഷം രണ്ടുമണിക്ക് കൊടിയിറങ്ങുന്നതോടെ പത്ത് ദിവസം നീണ്ടുനിന്ന തിരുനാളിന് സമാപനമാകും.