വെള്ളമുണ്ട: വയനാട് വെള്ളമുണ്ട കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതക കേസിൽ പ്രതി വിശ്വനാഥന്‍ കുറ്റക്കാരനെന്ന് കോടതി. ശിക്ഷ മറ്റന്നാള്‍ വിധിക്കും. മോഷണശ്രമത്തിനിടെ വെള്ളമുണ്ട സ്വദേശികളായ നവമ്പദികളെ നാല് വർഷം മുൻപാണ് വിശ്വനാഥന്‍ കൊലപ്പെടുത്തിയത്. ഏറെ കോളിളക്കം സൃഷ്ടിച്ച കണ്ടത്തുവയൽ ഇരട്ടക്കൊലപാതക കേസിൽ കൽപ്പറ്റ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. തൊട്ടിൽപ്പാലം സ്വദേശി വിശ്വനാഥനാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രോസിക്യൂഷന് വ്യക്തമായി തെളിയിക്കാനായെന്ന് കോടതി ചൂണ്ടിക്കാട്ടി. 2018 ജൂലൈ ആറിനാണ് വെള്ളമുണ്ട സ്വദേശികളായ ഉമ്മർ ഭാര്യ ഫാത്തിമ എന്നിവർ കൊല്ലപ്പെട്ടത്.
മോഷണം ചെറുക്കാനുള്ള ശ്രമത്തിനിടെയാണ് നവ ദമ്പതികളെ കമ്പിവടികൊണ്ട് അടിച്ചുകൊന്നത്. വീട്ടിലുണ്ടായിരുന്ന ആഭരണങ്ങൾ മോഷ്ടിച്ച് വീട്ടിലും പരിസരങ്ങളിലും മുളകുപൊടി വിതറി വിശ്വനാഥൻ രക്ഷപെടുകയായിരുന്നു. ആദ്യഘട്ടത്തിൽ തുമ്പൊന്നുമില്ലാതിരുന്ന കൊലപാതക കേസിൽ രണ്ട് മാസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പോലീസിന് പിടികൂടാനായത്.
കുറ്റപത്രം സമർപ്പിച്ച് 2020 നവംബറിലാണ് കേസിൽ വിചാരണ തുടങ്ങിയത്. 45 സാക്ഷികളെയാണ് വിസ്താരത്തിന് തെരഞ്ഞെടുത്തത്. മാനന്തവാടി ഡിവൈഎസ്പി ആയിരുന്ന കേഎം ദേവസ്യക്കായിരുന്നു അന്വേഷണ ചുമതല. പലതരം അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് കൊലപാതകം മോഷണ ശ്രമത്തിനിടെയാണെന്ന് തെളിഞ്ഞത്. പ്രതിക്ക് കോടതി ഇരട്ട ജീവപര്യന്തം നൽകണമെന്ന് കൊല്ലപ്പെട്ട ദമ്പതികളുടെ കുടുംബം ആവശ്യപ്പെട്ടു.