പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിനെ വേദിയിലിരുത്തി പ്രശംസിച്ച് എസ്എൻഡിപി നേതാന് വെള്ളാപ്പള്ളി നടേശൻ. വീണാ ജോർജ് മിടുക്കിയായ മന്ത്രിയാണെന്നും വീണ ചെയ്യുന്നതെല്ലാം കുറ്റമാണെന്നു കണ്ടെത്തുന്ന രാഷ്ട്രീയ അന്തരീക്ഷം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വീണ ജോർജിനെ വേദിയിലിരുത്തിയായിരുന്നു വെള്ളപ്പാള്ളിയുടെ പ്രശംസ. കോന്നി എംഎൽഎ ജനീഷ് കുമാറിനെയും വെള്ളാപ്പള്ളി പ്രശംസിച്ചു. കെ യു ജനീഷ്കുമാർ ജനകീയനായ എംഎൽഎയാണെന്നും ജനീഷിനെ ഇനി തകർക്കാൻ കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മുന്നോക്കക്കാരിലെ പിന്നാക്ക സംവരണത്തിനെതിരെയും വെള്ളാപ്പള്ളി രംഗത്തെത്തി. പിന്നാക്കക്കാരെ വീണ്ടും പിന്നോട്ടടിക്കുന്നതാണ് മുന്നാക്ക സംവരണമെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. മറ്റു സമുദായങ്ങൾ സംഘടിച്ചാൽ നീതി കിട്ടും. എന്നാൽ, ഈഴവർ സംഘടിച്ചാൽ ജാതി പറയുന്നു എന്ന് പറയുകയാണ്. വിദ്യാഭ്യാസ മേഖലയിൽ നീതി കിട്ടുന്നില്ല. ഈഴവ സമുദായ അംഗകൾക്ക് തൊഴിലുറപ്പ് മാത്രമാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. പേവിഷ ബാധയടക്കമുള്ള വിഷയങ്ങളിൽ പ്രതിപക്ഷമടക്കം ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് വെള്ളാപ്പള്ളി വീണാ ജോർജിനെ അനകൂലിച്ച് രംഗത്തെത്തിയതെന്നും ശ്രദ്ധേയം.