തിരുവനന്തപുരം : കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പ്രതി അഫാന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പ്രതിയുടെ അമ്മ ഷെമിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ഷെമി പൂര്‍ണ്ണമായും അപകടനില തരണം ചെയ്തെന്ന് പറയാന്‍ കഴിയില്ലെന്നും പോലീസിന് മൊഴി നല്കാന് കഴിയുന്ന ആരോഗ്യാവസ്ഥയിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. സംസാരിച്ചപ്പോള്‍ ബന്ധുക്കളെ അന്വേഷിച്ചു. തലയില്‍ മുറിവുകളുണ്ട്. എന്നാല്‍ ചുറ്റിക കൊണ്ട് അടിച്ചതാണോയെന്ന് പറയാന്‍ സാധിക്കില്ല. കഴുത്തില്‍ ചെറിയ തോതിലുള്ള നിറവ്യത്യാസം ഉണ്ടെന്നും ചികിത്സിക്കുന്ന ഡോക്ടര്‍ വിശദീകരിച്ചു. അതേസമയം അര്‍ബുദ രോഗിയായ ഉമ്മ മരിച്ചെന്നായിരുന്നു അഫാന് കരുതിയത്. എന്നാല്‍ പോലീസ് വീട്ടിലെത്തിയപ്പോള്‍ ഷെമീന് ജീവനുണ്ടെന്ന് കണ്ടെത്തിയതോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.